വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തലയാഴം ആലത്തൂർ ഭാഗത്ത് നടുപ്പറമ്പ് വീട്ടിൽ അർജുൻ ബിനു (20), തലയാഴം ഉല്ലല രാജഗിരി വീട്ടിൽ ജയശങ്കർ (22), തലയാഴം ആലത്തൂർ ഭാഗത്ത് പാലത്തിങ്കൽ വീട്ടിൽ സേതുകൃഷ്ണൻ (20) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരും സുഹൃത്തുക്കളും ചേർന്ന് തലയാഴം സ്വദേശിയായ യുവാവിനെ കഴിഞ്ഞ മാസം 29-ാം തീയതി രാത്രി 10 മണിയോടു കൂടി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൊതവറ ശ്രീകുരുബക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നാടൻപാട്ടിനിടയിൽ ഇവർ ഗ്രൗണ്ടിൽ ബഹളം വച്ചതിനെ തുടർന്ന് കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് ഇവരെ സ്ഥലത്തു നിന്നും പറഞ്ഞുവിട്ടിരുന്നു. ഇതിലുള്ള വിരോധം കാരണം നാടൻപാട്ട് കേട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ കമ്മിറ്റിക്കാരനായ യുവാവിന്റെ സുഹൃത്തിനെ കൊതവറ എം.സി മുക്ക് ഭാഗത്ത് വച്ച് യുവാക്കൾ മർദിക്കുകയായിരുന്നു.

ഇത് കണ്ട് തടയാൻ ശ്രമിച്ച കമ്മിറ്റിക്കാരനായ യുവാവിനെ ഇവർ സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയും ഇവരുടെ കൈയ്യിലിരുന്ന വടി കൊണ്ട് യുവാവിന്റെ തലക്ക് അടിക്കുകയുമായിരുന്നു. തുടർന്ന് അക്രമി സംഘം സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കിഷോർ, അഭിജിത്ത് എം.എസ്, ബിനിൽ, വിഷ്ണു, അമൽ ടി.എം എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൂന്നു പേർ കൂടി പൊലീസിന്റെ പിടിയിലാവുന്നത്. അർജുൻ ബിനു, സേതുകൃഷ്ണൻ എന്നിവർക്കെതിരെ വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.

വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ ദ്വിജേഷ്, എസ്.ഐമാരായ പ്രദീപ്‌. എം, വിജയപ്രസാദ്, സി.പി.ഒമാരായ ജാക്സൺ, പ്രവീൺ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

Tags:    
News Summary - Three more people were arrested in the case of trying to kill a youth in Vaikom, kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.