മന്ത്രി എം.ബി. രാജേഷ്
പത്തനംതിട്ട: എക്സൈസിന് പൊതുജനങ്ങൾ കൈമാറുന്ന രഹസ്യവിവരങ്ങൾ പുറത്തുവിടുന്നവർ സർവീസിലുണ്ടാകില്ലെന്ന് മന്ത്രി എം. ബി. രാജേഷ്. മുഖ്യമന്ത്രി അടക്കം ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെത്തുന്ന മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്തുന്നതിൽ വകുപ്പിന് പരിമിതികളുണ്ട്. എന്നാലും ഗോവ വരെ എത്തി കേസ് തെളിയിച്ച സംഭവങ്ങളുണ്ട്. കേരളം മയക്കുമരുന്നിന്‍റെ തലസ്ഥാനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇവിടെ കേസുകൾ കൂടുന്നുവെന്ന പ്രചാരണം നടക്കുന്നത്. പഞ്ചാബിനേക്കാൾ മൂന്നിരട്ടി കേസ് കേരളത്തിൽ രജിസ്റ്റർ ചെയ്തുവെന്നത് യാഥാർഥ്യമാണ്. ചെറിയ അളവിലുള്ള മയക്കുമരുന്ന് പോലും കേരളത്തിൽ പിടികൂടി കേസെടുക്കുന്നുണ്ട്.
25,000 കോടി രൂപ വിപണി മൂല്യമുള്ള മയക്കുമരുന്നാണ് 2024 -25 വർഷം രാജ്യത്ത് പിടികൂടിയത്. തൊട്ടുമുമ്പത്തെ വർഷം ഇത് 16,000 കോടി രൂപയുടേതായിരുന്നു. ഒരുവർഷത്തിനുള്ളിൽ 55 ശതമാനം വർധനയുണ്ടായി. കേസുകളുടെ എണ്ണം കൂടി നിൽക്കുമ്പോഴും കേരളത്തിൽ കഴിഞ്ഞവർഷം പിടികൂടിയ മയക്കുമരുന്നിന്‍റെ വിപണിമൂല്യം 100 കോടി രൂപയിൽ താഴെയാണ്. ലഹരികേസുകളിൽ 25 ശതമാനം ആളുകൾ മാത്രം അയൽ സംസ്ഥാനങ്ങളിൽ ശിക്ഷിക്കപ്പെടുമ്പോൾ കേരളത്തിൽ 96 ശതമാനം പേരും ശിക്ഷിക്കപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.