കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ച കുടുംബത്തെ തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശി ഷൈനി കുര്യൻ, മക്കളായ ഇവാന (10), അലീന (11) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 5.30ഓടെയാണ് ഇവർ ട്രെയിനിന് മുന്നിൽ ചാടിയത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
പാറോലിക്കൽ റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഷൈനിയും ഭർത്താവ് നോബി ലൂക്കോസും പിരിഞ്ഞു കഴിയുകയാണ്. തൊടുപുഴ സ്വദേശിയാണ് നോബി. കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് മാസമായി ഷൈനി പാറോലിക്കലിലെ സ്വന്തം വീട്ടിലാണ് കഴിയുന്നത്. രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഷൈനി മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് വിവരം.
നിലമ്പൂർ-കോട്ടയം എക്സ്പ്രസിന് മുന്നിലാണ് മൂവരും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല. ലോക്കോ പൈലറ്റാണ് റെയില്‍വേയിലും പൊലീസിലും വിവരം അറിയിച്ചത്.
പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.