തിരുവനന്തപുരം: ഇന്ത്യന്‍ പൗരത്വമുള്ളവരുടെ വിദേശത്ത് ജനിച്ച മക്കള്‍ക്ക് വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുണ്ടാകണമെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ആവശ്യം. മുസ്‌ലിം ലീഗ് പ്രതിനിധി അഡ്വ. മുഹമ്മദ് ഷായാണ് വിഷയം കമീഷന്റെ ശ്രദ്ധയിൽപെടുത്തിയത്.
ചട്ടപ്രകാരം 1992ന് മുമ്പ് വിദേശത്ത് ജനിച്ചവരില്‍ ഇന്ത്യയില്‍ പിതാവിന് പൗരത്വമുണ്ടെങ്കിലോ 1992നുശേഷം ജനിച്ചവരില്‍ മാതാവിനും പിതാവിനും ഇന്ത്യയില്‍ പൗരത്വമുണ്ടെങ്കിലോ ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ട്. ഇത്തരക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോഴാണ് പ്രശ്‌നമുയരുക. ഫോം 6 എ പ്രകാരം പേര് ചേര്‍ക്കുമ്പോള്‍ ജനിച്ച സ്ഥലത്തിന്റെ കോളത്തില്‍ ‘ഇന്ത്യ’ മാത്രമാണ് കാണിക്കുക. വിദേശത്തെ സ്ഥലങ്ങൾ ചേർക്കാൻ സൗകര്യമില്ല. ഇതുമൂലം അപേക്ഷാനടപടികൾ മുടങ്ങുകയാണെന്നും ഷാ ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ വിവരം അറിയിച്ചെന്നും ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. നിലവിൽ പുതിയ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാമെങ്കിലും എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന ഡിസംബർ ഒമ്പതിന് ശേഷമേ അവ പരിഗണിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബോധവത്കരണ നടപടികള്‍ക്കായി പ്രവാസികളുടെ യോഗം വിളിക്കാന്‍ തയാറാകാത്ത നോര്‍ക്കക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കടുത്ത വിമര്‍ശനം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുസംബന്ധിച്ച് പ്രവാസികൾക്കിടയിൽ ആശങ്കയുണ്ടെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നേരത്തെ, ഈ ആവശ്യം ഉന്നയിച്ച് നോര്‍ക്കക്ക് കത്ത് നല്‍കിയിരുന്നെന്നും ബോധവത്കരണ മെറ്റീരിയലുകൾ കൈമാറിയിരുന്നെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേൽക്കർ പറഞ്ഞു. പ്രവാസികളുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ട് നോര്‍ക്കക്ക് വീണ്ടും കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.