കൊച്ചി: മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് എൻ.സി.പി എം.എൽ.എ തോമസ് കെ. തോമസ്. രണ്ടരവർഷം പൂർത്തിയാകുമ്പോൾ എ.കെ. ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കാമെന്ന് ധാരണയുണ്ടായിരുന്നെന്നും ശരത് പവാറും പ്രഫുൽ പട്ടേലുമടക്കം ദേശീയ നേതാക്കൾ ഇക്കാര്യം ഉറപ്പുനൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനം പങ്കിടുന്നതിനെക്കുറിച്ച് മന്ത്രിസഭ രൂപവത്കരണ സമയത്തുതന്നെ എൽ.ഡി.എഫിനെയും അറിയിച്ചിരുന്നു. ഈ ധാരണ പാലിക്കപ്പെടണം. ഇക്കാര്യം കേന്ദ്ര നേതൃത്വമാണ് ആവശ്യപ്പെടേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് ശരത് പവാറിനെ കാണും. താൻ മന്ത്രിസ്ഥാനത്തിന് അർഹനാണ്. എതിർ ശബ്ദങ്ങളെ മുഖവിലക്കെടുക്കുന്നില്ല. അവർ എൻ.സി.പിയിലേക്ക് ഇപ്പോൾ കയറിവന്നവരാണ്. കുട്ടനാട്ടിൽനിന്ന് ഒരു മന്ത്രി ആവശ്യമാണ്.
പി.സി. ചാക്കോ ഇന്നലെ പാർട്ടിയിലേക്ക് വന്നയാളാണ്. മന്ത്രിസ്ഥാനത്തെക്കുറിച്ച് അദ്ദേഹമല്ല പറയേണ്ടത്. പാർട്ടിയുടെ സംസ്ഥാന ഘടകത്തെ ചാക്കോയും ശശീന്ദ്രനും കൈയടക്കിയിരിക്കുകയാണ്. ചാക്കോയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനെതിരെ കോൺഗ്രസിൽ എതിർപ്പ് ഉയർന്നിരുന്നു. തുടർന്നാണ് അദ്ദേഹം എൻ.സി.പിയിൽ എത്തിയത്. റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രൻ എന്നിവരാണ് എതിർത്തത്. ചാക്കോയെ മത്സരിപ്പിച്ചാൽ പാർട്ടിയിൽനിന്ന് പിന്നോട്ടുപോകുമെന്നായിരുന്നു ഇവരുടെ നിലപാട് -തോമസ് കെ. തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.