പാലക്കാട്: പൊലീസ് ക്രൂരതയെ കുറിച്ച് ആരും തങ്ങളെ പഠിപ്പിക്കേണ്ടെന്ന് സി.പി.എം നേതാവ് ഡോ. ടിഎം തോമസ് ഐസക്. ‘പൊലീസ് വേട്ടക്ക് ഏറ്റവും കൂടുതൽ ഇരയായത് കമ്മ്യൂണിസ്‌റ്റുകാരാണ്. എല്ലാ സർക്കാരിന്റെ കാലത്തും പൊലീസിൽ പുഴുക്കുത്തുകൾ ഉണ്ടായിട്ടുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ളവർ അവരുടെ സർക്കാരിന്റെ കാലത്തുള്ള പൊലീസിന്റെ പ്രവർത്തനം പരിശോധിക്കുന്നത് നല്ലതായിരിക്കും’ -തോമസ് ഐസക് പറഞ്ഞു.
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെ കോൺഗ്രസ് പ്രതിസന്ധിയിലായി. യുവനേതാക്കളായി ഉയർത്തിക്കൊണ്ടുവന്നവരെല്ലാം കളങ്കിതരാണ്. അത് മറികടക്കാനാണ് ഇപ്പോൾ പൊലീസ് വിഷയം കോൺഗ്രസ് ഉയർത്തുന്നത്’ -തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് അതിക്രമങ്ങളെ കുറിച്ച് ഉയരുന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ‘മുഖ്യമന്ത്രിക്ക് പൊലീസിനുമേൽ ഉണ്ടായിരുന്ന നിയന്ത്രണം നഷ്‌ടമായി. വകുപ്പ് മന്ത്രിയുടെ ഭരണവീഴ്‌ചയും പൊലീസിനെ ബാധിക്കുന്നു. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയുന്നതാണ് നല്ലത്’ -രമേശ് ചെന്നിത്തല പറഞ്ഞു.
‘കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ പിണറായിയുടെ പൊലീസ് നയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത്. പിണറായി സർക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണിത്. പൊലീസ് സ്റ്റേഷനുകളെ കോൺസൻട്രേഷൻ ക്യാമ്പുകൾ ആക്കി മാറ്റുകയാണോ? ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിയുടെ മൗനം നാട്ടിൽ ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കും’ -രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.