ഇത്തവണ ‘ഹരിത ഓണം’; സംസ്ഥാനതല ആഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനം. സെപ്തംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും.

ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓണാഘോഷം വിപുലമായും ആകർഷകമായും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ നടത്തും. ഹരിത ചട്ടം പാലിച്ചുകൊണ്ട് ‘ഹരിത ഓണം’ എന്ന നിലയിലാവും പരിപാടികൾ നടത്തുക.

കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ, സി.ഡി.എസ്, എ.ഡി.എസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂ കൃഷിയും നടത്തിയിട്ടുണ്ട്. അതിന്റെ വിളവെടുപ്പ് ഓണത്തിന് മുമ്പ് നടത്തും.

ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ടും ഓൺലൈനായും ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോ ഓണച്ചന്തകൾ ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിലും തുടങ്ങും. സാംസ്കാരിക മേഖലയിലെ സ്ഥാപനങ്ങൾ മുഖേന കൾച്ചറൽ പ്രോഗ്രാമുകളും ഫിഷറീസ് മേഖലയിൽ വള്ളങ്ങൾ ഉൾപ്പെടുത്തി ആളുകളെ ആകർഷിക്കുന്ന പരിപാടികളും നടത്തുന്ന കാര്യം ആലോചിക്കും.

കൺസ്യൂമർഫെഡ് വഴിയും പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിതരണം നടത്തുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. കൂടുതൽ പ്രാഥമിക സംഘങ്ങൾ വഴി പച്ചക്കറി കൃഷി ചെയ്ത് ഓണം വിപണിയിലേക്ക് കൊണ്ടുവരും.

ഹോർട്ടി കോർപ്പിന്റെ പച്ചക്കറി ചന്തകളും കൃഷി വകുപ്പിന്റെ മറ്റ് സംവിധാനങ്ങളും സജീവമാക്കി കൂടുതൽ ഇനങ്ങൾ ചന്തയിൽ എത്തിക്കും. യോഗത്തിൽ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.എൻ വാസവൻ, സജി ചെറിയാൻ, ജെ.ചിഞ്ചുറാണി, ജി.ആർ അനിൽ, എം.ബി രാജേഷ്, വി.ശിവൻകുട്ടി, പി.പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - This time it will be 'Green Onam'; State-level celebrations from September 3rd to 9th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.