പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ അഭിനന്ദിക്കുന്ന എം.എൽ.എമാർ
കോട്ടയം: തിരുവഞ്ചൂർ എന്നത് വെറുമൊരു ദേശപ്പേരല്ല. ഇനി കേരള നിയമസഭയെ നിയന്ത്രിക്കുന്ന ശബ്ദത്തിന്‍റെ പേരുകൂടിയാണ്. കേരള രാഷ്ട്രീയത്തിലെ മുതിർന്ന ചരിത്രം കൂടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന രാഷ്ട്രീയ കാരണവർ. ആറ് പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തനത്തിന്‍റെ അനുഭവത്തിലൂടെ പാകപ്പെട്ട തിരുവഞ്ചൂർ കേരള നിയമസഭയുടെ 25ാമത്തെ സ്പീക്കറാകുമ്പോൾ കോട്ടയംകാർക്ക് സന്തോഷം ഏറുന്നു.
യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ മന്ത്രി പദവിയിൽ ആദ്യം തന്നെ ഉറപ്പിച്ച പേരായിരുന്നു തിരുവഞ്ചൂരിന്റേത്. ഒമ്പത് നിയമസഭ സീറ്റുകളിൽ ഒമ്പതും തൂത്തുവാരി തിളക്കമാർന്ന വിജയം നേടിയ ജില്ലയിൽ നിന്ന് മന്ത്രി സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുന്ന പേരും തിരുവഞ്ചൂരിന്‍റേതാകുമെന്ന് കരുതിയിരുന്നെങ്കിലും സ്പീക്കർ പദവിയിലേക്കാണ് അദ്ദേഹത്തെ കുടിയിരുത്തിയത്.
വി.ഡി.എസ് മന്ത്രിസഭയിലെ മന്ത്രിമാരിൽ അനുഭവസമ്പത്തിന്‍റെ കാര്യത്തിൽ തിരുവഞ്ചൂരിനൊപ്പം നിൽക്കാൻ കുഞ്ഞാലിക്കുട്ടി മാത്രമേയുള്ളു. 2004ൽ ഉമ്മൻചാണ്ടി സർക്കാറിൽ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്‍ററി കാര്യം എന്നീ വകുപ്പുകൾ വഹിച്ച തിരുവഞ്ചൂർ രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ റവന്യു, ആഭ്യന്തരം, വിജിലന്‍സ്, വനം-പരിസ്ഥിതി, ഗതാഗതം, സ്‌പോര്‍ട്‌സ്, സിനിമ തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. സ്പീക്കർ പദവിയിലേക്ക് ഇതാദ്യമാണ്. 1991ൽ മുതൽ തോൽവിയറിയാത്ത റെക്കോർഡുമായി നിയമസഭയിലുള്ള തിരുവഞ്ചൂരിനോളം സഭാനടപടികൾ അറിയാവുന്ന മറ്റൊരാളുമുണ്ടാവില്ല. എല്ലാ രാഷ്ട്രീയ നേതാക്കന്മാരുമായി അദ്ദേഹത്തിനുള്ള സൗഹൃദവും സഭാനടപടികൾ നിയന്ത്രിക്കുന്നതിൽ നിർണായകമാകും.
കോട്ടയത്തിന്‍റെ വികസന സ്വപ്നങ്ങൾക്കൊപ്പം നാട്ടുകാർ കിനാവു കണ്ടതായിരുന്നു തിരുവഞ്ചൂരിന്‍റെ മന്ത്രി പദവി. അതുണ്ടാകാത്തതിൽ പാർട്ടി അണികളിൽ നിരാശയുണ്ട്. കഴിഞ്ഞ 10 വർഷക്കാലം പിണറായി സർക്കാർ കോട്ടയത്തിന്‍റെ വികസനത്തെ തടയുകയായിരുന്നുവെന്നും ഉമ്മൻചാണ്ടിയുടെ കാലത്തെ വികസനം മാത്രമെ കോട്ടയത്തിനുള്ളുവെന്നും അതിനു മാറ്റം വരാൻ യു.ഡി.എഫ് അധികാരത്തിൽ വരണമെന്നുമായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രചാരണം. മന്ത്രി പദവി നഷ്ടമായത് ഈ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന് അണികൾ തന്നെ ആശങ്കപ്പെടുന്നുണ്ട്.
എന്നാൽ, സ്പീക്കർ പദവിയാണെങ്കിലും വികസനത്തിന്‍റെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് തിരുവഞ്ചൂരിന്‍റെ നിലപാട്. വിവാദമായി സ്തംഭിച്ചു നിൽക്കുന്ന ആകാശപാതയുടെതടക്കമുള്ള കടങ്ങൾ വീട്ടാൻ തിരുവഞ്ചൂരിന്‍റെ മുന്നിൽ പട്ടിക നിവർന്നു കിടപ്പുണ്ട്. 1949 ഡിസംബര്‍ 26ന് കെ.പി. പരമേശ്വരന്‍ പിള്ളയുടെയും ഗൗരിക്കുട്ടി അമ്മയുടെയും മകനായാണ് ജനനം. ഭാര്യ: ലളിതാംബിക രാധാകൃഷ്ണന്‍. മക്കൾ: ഡോ. അനുപം രാധാകൃഷ്ണന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ആതിര രാധാകൃഷ്ണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.