തിരുവനന്തപുരം നഗരസഭ: നികുതി തട്ടിപ്പിന് പിന്നില്‍ സി.പി.എം സംഘടനാ നേതാക്കളെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: നികുതിയിനത്തില്‍ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്ത സംഭവത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എം സംഘടനയില്‍പ്പെട്ടവരും നേതാക്കളുമാണ് തട്ടിപ്പ് നടത്തിയത്. എറണകുളത്ത് പ്രളയഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി രാഷ്ട്രീയ നേതാക്കളെ രക്ഷിച്ചതു കൊണ്ടാണ് ഇപ്പോഴും തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്നത്. നേതാക്കളെ രക്ഷിക്കാന്‍ സ്ത്രീകള്‍ ജയിലിലായാലും കുഴപ്പമില്ലെന്ന നിലപാട് സി.പി.എം സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നഗരസഭയിലെ വിവിധ സോണല്‍ ഓഫീസുകളില്‍ കെട്ടിട- ഭൂ നികുതിയിനത്തില്‍ ലഭിച്ച ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതിനെ തുടര്‍ന്ന് നികുതിദായകര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ആശങ്ക നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം. വിന്‍സെന്‍റ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

എല്ലാ സോണല്‍ ഓഫിസുകളിലും ഒരു പോലെ തട്ടിപ്പ് നടന്നിട്ടുണ്ട്. അതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രമല്ല, 2015 മുതല്‍ നടന്ന തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണം. നികുതി തട്ടിപ്പ് നടന്നിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരെപ്പോലെ നോക്കി നില്‍ക്കുകയാണ്. പട്ടിക ജാതി സ്‌കോളര്‍ഷിപ്പും പഠനഫണ്ടും തട്ടിയെടുത്ത സംഭവവും തിരുവനന്തപുരം നഗരസഭയിലാണ് നടന്നത്. ഈ സംഭവത്തിലും യാഥാര്‍ഥ പ്രതികളായ സി.പി.എം നേതാക്കളെ ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി.

ഇത്തവണ ആറ്റുകാല്‍ ക്ഷേത്രത്തിനുള്ളില്‍ മാത്രം നടന്ന പൊങ്കാലയുടെ പേരിലും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. നഗരം വൃത്തിയാക്കാനെന്ന പേരില്‍ 21 ടിപ്പറുകള്‍ വാടകക്കെടുക്കുകയും തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്‍റെയും പേരിലാണ് ലക്ഷങ്ങള്‍ എഴുതിയെടുത്തത്. 70 ലക്ഷം മുടക്കി വാങ്ങിയ ഹിറ്റാച്ചി ഒളിപ്പിച്ച ശേഷം പുറത്തു നിന്നും വാടകക്കെടുത്ത് കമീഷന്‍ കൈപ്പറ്റി.

ഒന്‍പത് കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ നഗരസഭ നേരിട്ട് ഭൂമി വാങ്ങി. ഗുണഭോക്താക്കള്‍ അപേക്ഷ നല്‍കിയപ്പോള്‍ ആ ഭൂമി വീടുവെക്കാന്‍ യോഗ്യമല്ലെന്ന വിചിത്രമായ മറുപടിയാണ് നഗരസഭ നല്‍കിയത്. 137 വാഹനങ്ങള്‍ വാങ്ങിയപ്പോള്‍ 225 വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് അടച്ചും പണം തട്ടിയെടുത്തു. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ വക്കാലത്ത് സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്.

നഗരസഭയിലെ ഇടതു സംഘടനാ നേതാക്കളാണ് തട്ടിപ്പിന് പിന്നില്‍. അവരെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ തയാറായിട്ടില്ല. സി.പി.എമ്മിന്‍റെ ഇഷ്ടക്കാരോ സ്വന്തക്കാരോ ആണ് അറസ്റ്റിലാകാതെ പുറത്തു നില്‍ക്കുന്നവരൊക്കെ. എന്തു ചെയ്താലും പാര്‍ട്ടി സംരക്ഷിക്കുമെന്ന അഹങ്കാരമാണ് തട്ടിപ്പ് നടത്താന്‍ ഇവര്‍ക്ക് പ്രേരണയാകുന്നത്. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാനും നികുതിദായകരുടെ ആശങ്ക പരിഹരിക്കാനും സര്‍ക്കാര്‍ തയാറാകണം. നികുതി അടച്ചവരോട് രസീത് ഹാജരാക്കണമെന്നു പറയുന്നത് അനീതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അഴിമതിയുടെ കാര്യത്തില്‍ ഭരണകക്ഷിക്ക് ഇരട്ട ചങ്കാണെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ എം വിന്‍സെന്‍റ് പറഞ്ഞു. മേയര്‍ക്ക് പ്രായം മാത്രമല്ല ജനാധിപത്യ ബോധവും കുറവാണ്. സമരം ചെയ്യുന്ന കൗണ്‍സിലര്‍മാര്‍ക്ക് മുന്നില്‍ മേയറുടെ പ്രസംഗം സ്‌ക്രീനില്‍ കാണിച്ച് പ്രകോപനം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Thiruvananthapuram Corporation: VD Satheesan said that CPM leaders are behind tax evasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.