കൽപ്പറ്റ: ചൂരൽമല ടൗൺഷിപ്പിൽ നിർമിച്ച ഒരു വീട്ടിൽ ചോർച്ചയുള്ളതായി പരാതി. ഫേസ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് ചേർച്ചയുള്ളതായി പരാതിയുള്ളത്. സർക്കാർ കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്. നിലവിൽ രണ്ടു വീടുകളിൽ ചോർച്ച കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, വെള്ളം ഇറങ്ങുന്നത് തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതികരിച്ചു. മേൽക്കൂര തുരന്ന് അപ്പോക്സി ഗ്രൗട്ട് ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്നും ഊരാളുങ്കൽ ഗ്രൂപ്പ് പറഞ്ഞു. ചൂരല്‍മല സ്വദേശി നൗഫലിന്‍റെ വീട്ടിലെ മേല്‍ക്കൂരയിസാണ് വിള്ളല്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വന്നത്. പിന്നാലെ തൊട്ടടുത്തടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. തുടർന്ന് ഊരാളുങ്കല്‍ സി.ഒ.ഒ അരുണ്‍ ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
വിള്ളൽ കണ്ടെത്തിയ വീടുകളിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അരുണ്‍ ബാബു പറഞ്ഞു. ആദ്യ സോണിലെ എട്ട്, ഏഴ് നമ്പർ വീടുകളിലാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടത്. വിള്ളല്‍ വീണ ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. മുകളിലും ചോർച്ച പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നത് വരെ ആശങ്ക മാറില്ലെന്ന് എട്ടാം നമ്പർ വീടിന്‍റെ ഉടമസ്ഥനായ ചൂരല്‍മല സ്വദേശി നൗഫല്‍ പറഞ്ഞു. മാർച്ച് ഒന്നിനാണ് ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയത്. ധൃതിയില്‍ നിർമാണം പൂര്‍ത്തികരിക്കാനുള്ള സമ്മർദ്ദം ഊരാളുങ്കലിനും വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നുവെന്നും പല പരിശോധനകളും മാറ്റി വെക്കേണ്ട സാഹചര്യം ഉണ്ടാക്കിയെന്നുമാണ് സൂചന.
അതിനിടെ, ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ വിമർശനം ശക്തമാക്കുന്നതിനിടെ ടൗൺഷിപ്പിൽ മന്ത്രി രാജൻ സന്ദർശിച്ചു. വീടിന്റെ മേൽക്കൂരയിൽ സാന്റ് പേപ്പർ ഉപയോഗിച്ച് മന്ത്രി രാജൻ ഉരച്ചു. എന്നാൽ, വെള്ളം കിനിഞ്ഞ് ഇറങ്ങിയിട്ടുണ്ടെന്ന് അംഗീകരിച്ച മന്ത്രി ഉണ്ടായത് വലിയ വിള്ളൽ അല്ലെന്ന് പറഞ്ഞു. സാങ്കേതികമായി വീടുകൾ കൈമാറിയിട്ടില്ലെന്നും മന്ത്രി ന്യായീകരിച്ചു. വീടിന്റെ മേൽക്കൂരകളിലും മന്ത്രി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.