കെ ജയകുമാർ
തിരുവനന്തപുരം: അയ്യപ്പന് പ്രത്യേക പബ്ലിസിറ്റി ആവശ്യമില്ലെന്നും കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് നടന്ന ‘അയ്യപ്പ സംഗമം’ ഇനിയുണ്ടാവില്ലെന്നും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. ശബരിമല തീർഥാടനം സംബന്ധിച്ച് ദേവസ്വം ആസ്ഥാനത്ത് ചേർന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീർഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ഈ വർഷം മുതൽ ശബരിമലയിൽ പൂർണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കും. തിരക്ക് നിയന്ത്രിക്കാൻ എ.ഐ സാങ്കേതികവിദ്യ സഹായത്തോടെ സന്നിധാനത്ത് ‘ക്രൗഡ് കൺട്രോൾ മാനേജ്മെന്‍റ് സിസ്റ്റം’ നടപ്പാക്കും. ഇതുസംബന്ധിച്ച് പൊലീസ് വകുപ്പ് സമർപ്പിച്ച വിശദ ശിപാർശ ബോർഡ് തത്വത്തിൽ അംഗീകരിച്ചു. 17 കോടി രൂപയാണ് ചെലവ്.
സന്നിധാനത്തെ 690 മുറികളിൽ 190 എണ്ണം മാത്രമാണ് ഇതുവരെ ഓൺലൈൻ വഴി നൽകിയിരുന്നത്. ഇനിമുതൽ വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികൾ ഓൺലൈൻ വഴി ലഭ്യമാക്കും. എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കും. ശബരി ഗസ്റ്റ്ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈകോടതിയുടെയും അനുമതിയോടെ 60 മുറികൾ കൂടി നിർമിക്കും.
നവംബർ ഒന്നുമുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എ.ഐ കാമറകൾ ഉൾപ്പെടെ സൗകര്യങ്ങളോടെ കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി. കഴിഞ്ഞ തീർഥാടനക്കാലത്ത് ഹൃദയാഘാതം മൂലം മരിച്ച 54 പേരുടെ ആശ്രിതർക്ക് ലക്ഷം രൂപ വീതം വിതരണം ചെയ്യും. അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി.സന്തോഷ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.