സംസ്ഥാനത്ത് പവർ കട്ടല്ല, പവർ ഫെയിലിയറാണ്, ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് പവർ കട്ടല്ലെന്നും മറിച്ച് പവർ ഫെയിലിയറാണ് ഉണ്ടാകുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ്ട് പവർ ഫെയിലിയർ ഉണ്ടാകുന്നത്. കുറച്ചുദിവസം കൂടി പ്രയാസമുണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും സണ്ണി ജോസഫ് അറിയിച്ചു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള മാറ്റത്തിന് ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്. രണ്ടു ചുമതലകളും ഒരാൾ കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് വേറൊരാൾ വരുന്നതാണെന്നും സണ്ണി ജോസഫ് കൂട്ടിചേർത്തു.

അതേസമയം, പുതിയ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നേതൃത്വവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ എത്തി. എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ട ഏഴു ഡി.സി.സി അധ്യക്ഷന്മാരും മാറും.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴൽനാടന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. കെ.സി പക്ഷമാണ് മാത്യു കുഴൽനാടനായി വാദിക്കുന്നത്. കെ.പി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ടിരുന്നു. അധ്യക്ഷ സ്ഥാനത്തുനിന്ന് പലതവണ തഴയപെട്ടയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, എം.പിമാരെയും എം.എൽ.എമാരെയും ഈ സ്ഥാനത്ത് പരിഗണിക്കരുതെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് മുന്നിൽവെച്ച നിർദേശം.

Tags:    
News Summary - Electricity Minister Sunny Joseph says there is no power cut in the state, but power failure, people should cooperate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.