സർവകലാശാല ഭൂമി: അളന്ന് തിട്ടപ്പെടുത്തൽ ഇന്ന് പൂർത്തിയാകും
തിരുവനന്തപുരം: എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിനായി ഭൂമി കൈയേറിയെന്ന പരാതിയിൽ ഹൈകോടതി നിർദേശപ്രകാരം നടക്കുന്ന കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി അളക്കൽ നടപടി വ്യാഴാഴ്ച പൂർത്തിയാകും. സർവകലാശാല കോമ്പൗണ്ടിന് സമീപത്ത് കാടും പടലും മൂടിക്കിടക്കുന്നത് വെട്ടിമാറ്റേണ്ടതിനാലാണ് നടപടികൾ വൈകിയത്. അടുത്ത ദിവസം തന്നെ ഭൂമിയുടെ അളവും മറ്റ് വിവരങ്ങളും റവന്യു വകുപ്പ് ഹൈക്കോടതിക്ക് കൈമാറും.
രണ്ട് ദിവസമായി തിരുവനന്തപുരം തഹസീൽദാരുടെ നേതൃത്വത്തിലാണ് അളവ് നടക്കുന്നത്. ഈ മാസം 15നുള്ളിൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി വിവരങ്ങൾ നൽകണമെന്നാണ് കോടതി ഉത്തരവ്. സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാർ നൽകിയ ഹർജിയിലാണ് ഹൈകോടതി ഇടപെടൽ.
അതേ സമയം രണ്ടു സ്ഥാപനങ്ങളുടെയും ഭൂമി ഒരു സർവേ നമ്പറിൽ ആയതിനാൽ എ.കെ.ജി സെന്ററിന്റെ കൈവശമുള്ള ഭൂമികൂടി അളന്ന് തിട്ടപ്പെടുത്തിയാൽ മാത്രമേ സർവകലാശാലയുടെ കൈവശമുണ്ടാകേണ്ട ഭൂമിയുടെ കൃത്യമായ വിവരം ലഭ്യമാവുകയുള്ളൂവെന്നാണ് വിവരം. 1977ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. പഠന ഗവേഷണ കേന്ദ്രം തുടങ്ങാതെ, അത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസായി പ്രവർത്തിപ്പിച്ചത് നിയമവിരുദ്ധമാണെന്നും ഭൂമി സർവകലാശാലക്ക് തിരിച്ചു നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.