മുഖ്യമന്ത്രിയുടെ മരുമകൻ എന്ന് വിളിക്കുന്നവരോട് വിദ്വേഷമില്ല; അവർക്ക് ബിരിയാണി വാങ്ങിക്കൊടുക്കാൻ തോന്നും -മുഹമ്മദ് റിയാസ്

പാലക്കാട്: മുഖ്യമന്ത്രിയുടെ മരുമകൻ എന്ന വിളി കേൾക്കുന്നതിൽ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അതൊരു യാഥാർഥ്യമാണ്. ഇത്തരം കളിയാക്കലുകളിലൂടെ ജനങ്ങൾ എൽ.ഡി.എഫിനോട് അടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അത്തരം ആളുകളോട് ഒരു വിദ്വേഷവുമില്ലെന്ന് മാത്രമല്ല അവർക്ക് ഒരു ബിരിയാണി വാങ്ങിക്കൊടുക്കാനാണ് തോന്നാറുള്ളതെന്നും റിയാസ് പറഞ്ഞു.

''എന്തെങ്കിലുമൊരു കാര്യം ആരെങ്കിലും ഉന്നയിച്ചാൽ അത് ആലോചിച്ച് പേടിച്ച് പനി പിടിച്ച് കിടക്കുന്നവരല്ല ഞങ്ങളൊന്നും. അങ്ങനെ എന്തെങ്കിലുമൊന്ന് ഉന്നയിച്ചാൽ ജനങ്ങളുടെ പിന്തുണ കുറയുകയല്ല, ജനങ്ങൾ ഇടതുപക്ഷത്തോട് കൂടുതൽ അടുക്കുകയാണ് ചെയ്യുന്നതെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്. യു.ഡി.എഫിനോടൊപ്പം നിന്ന വലിയൊരു വിഭാഗം ജനങ്ങൾ അതൃപ്തരാണ്. ആ ജനങ്ങൾ ഇടതുപക്ഷത്തേക്ക് അടുക്കുകയാണ് എന്ന ബോധ്യം ഞങ്ങൾക്കുള്ളേടത്തോളം കാലം എന്തിനാണ് പേടിക്കുന്നത്. യഥാർഥത്തിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് ഒരു ബിരിയാണി വാങ്ങിക്കൊടുക്കുകയാണ് ചെയ്യേണ്ടത്. കാരണം ഇടതുപക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഇത് സഹായിക്കുന്നത്. എല്ലാ നിലയിലുള്ള അനുഭവങ്ങളേയും നേരിട്ട് മുന്നോട് പോകാനാണ് ഞങ്ങളുടെ പ്രസ്ഥാനം ഞങ്ങളെ പരിശീലിപ്പിച്ചിട്ടുള്ളത്''.-റിയാസ് പറഞ്ഞു. പാലക്കാട്ട് മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ വിവാഹം കഴിഞ്ഞതിന് ശേഷം നിരവധിയാളുകള്‍ സമൂഹമാധ്യമങ്ങളിലടക്കം 'മരുമകന്‍' ടാഗില്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഈ വിഷയം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിശദീകരണം.

2020 ജൂണ്‍ 15 നാണ് റിയാസും വീണ വിജയനും വിവാഹിതരായത്. ക്ലിഫ് ഹൌസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

Tags:    
News Summary - There is no hatred for those who called Chief Minister's son in law says Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.