പൂജക്കൊരു നിയമമുണ്ട്, എട്ടു​മാസം മുമ്പ് നടന്ന സംഭവമായിട്ടും മന്ത്രിക്ക് കാര്യം മനസ്സിലായിട്ടില്ലേ -അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്

തിരുവല്ല: കണ്ണൂരിലെ ക്ഷേത്രത്തിൽ തനിക്ക് അയിത്തം കൽപ്പിച്ചതായ ദേവസ്വം ബോർഡ് മന്ത്രി കെ. രാധാകൃഷ്ണന്റെ പരാമർശം ആചാരപരമായ രീതിയെ കുറിച്ച അറിവില്ലായ്മ മൂലമെന്ന് യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്. പൂജക്കൊരു നിയമമുണ്ട്. ദേഹശുദ്ധി എന്നൊരു ക്രിയയുണ്ട്. ഏത് മൂർത്തിക്കാണോ പൂജ ചെയ്യുന്നത് ആ മൂർത്തിയായി വേണം കർമം നിർവഹിക്കാൻ. ആ രീതിയിൽ കുളിച്ച് വന്നാൽ ഒരുമനുഷ്യനെയും സ്പർശിക്കാൻ പാടില്ല. മന്ത്രി രാധാകൃഷ്ണൻ നല്ല മനുഷ്യൻ ആയിട്ടാണ് എന്റെ അറിവ്. ദേവസ്വം മന്ത്രി ആകുമ്പോൾ അദ്ദേഹം പൂജ നിയമം അറിയേണ്ടതായിരുന്നു. എട്ടു​മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവമായിട്ടും മന്ത്രിക്ക് കാര്യം മനസ്സിലായിട്ടില്ലേ? -അക്കീരമൺ കാളിദാസൻ ചോദിച്ചു.

വിവാദം അനാവശ്യവും വസ്തുതയ്ക്ക് നിരക്കാത്തതുമാണ്. ക്ഷേത്രങ്ങളിൽ പുലർത്തിവരുന്ന ആചാര അനുഷ്ഠാനങ്ങൾ ഉണ്ട്. ഇത് മനസ്സിലാക്കാതെ ദേവസ്വം മന്ത്രി നടത്തിയ പരാമർശം ഏറെ ദുഃഖകരമാണ്. ജാതിയോ മതമോ വർണമോ ഒന്നുമല്ല അവിടത്തെ വിഷയം. ഈഴവർ ആയാലും നമ്പൂതിരി ആയാലും നായർ ആയാലും അരയസമുദായമോ മറ്റ് ഇതര ജാതി വിഭാഗത്തിൽ ഉള്ളവരോ ആണെങ്കിലും പൂജയ്ക്കായി ക്ഷേത്രത്തിൽ കയറുംമുമ്പ് കുളിച്ച് ദേഹശുദ്ധി വരുത്തിയാൽ ആരെയും സ്പർശിക്കാൻ പാടില്ല. അത് അയിത്തമല്ല. ഇപ്പോൾ അയിത്തമൊന്നും എവിടെയുമില്ല. ഞങ്ങൾക്ക്, വിശേഷിച്ച് ബ്രാഹ്മണർക്ക് അയിത്തമില്ല. സംഭവം ഇപ്പോൾ വിവാദമാക്കിയതിന് പിന്നിൽ സംസ്ഥാനത്ത് ഇപ്പോൾ ഉയർന്ന ഒരുപാട് പ്രശ്നങ്ങൾക്ക് ഇങ്ങനെ ഒരു വാർത്ത സൃഷ്ടിച്ച് തടയിടാനുള്ള ശ്രമം ആണോ എന്ന് എനിക്ക് സംശയമുണ്ട് -അക്കീരമൺ കൂട്ടിച്ചേർത്തു.

മന്ത്രിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടോയെന്ന് സംശയിക്കുന്നതായി അഖില കേരള തന്ത്രി സമാജവും രംഗത്തുവന്നിരുന്നു. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ലെന്നും അതിൽ ബ്രാഹ്മണൻ എന്നോ അബ്രാഹ്മണൻ എന്നോ നോക്കാറില്ലെന്നും തന്ത്രി സമാജം പറഞ്ഞു.

Tags:    
News Summary - There is a rule for Puja - Kuzhikkattu Illath Akkeeraman Kalidasan bhattathiripad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.