കണ്ണൂർ: പുരോഗമന പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമെന്ന് ഊറ്റം കൊള്ളുമ്പോഴും കണ്ണൂരിന്റെ മണ്ണിലെ ജാതീയ ബോധത്തിന് അറുതിയില്ല. ദേവസ്വം മന്ത്രിയായിരിക്കെ കെ. രാധാകൃഷ്ണൻ എം.പിക്കു നേരെയുണ്ടായ അയിത്തം ആരും മറന്നില്ല. രണ്ടരവർഷംമുമ്പ് പയ്യന്നൂരിലെ ശ്രീനമ്പ്യാത്തറ കൊവ്വൽ ശിവക്ഷേത്രത്തിൽ നടപ്പന്തൽ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ആ സംഭവം.
ഇവിടുത്തെ പ്രധാനപൂജാരി വിളക്കുമായി മന്ത്രിയുടെ നേരെവന്നു. മന്ത്രിക്ക് നേരിട്ട് നൽകാതെ അദ്ദേഹമത് നിലത്തുവെച്ചു. സഹപൂജാരിക്ക് നേരിട്ടു വിളക്കു നൽകുകയും മന്ത്രിക്ക് നിലത്തുവെച്ചു നൽകുകയും ചെയ്തത് വലിയ ചർച്ചയായി. താൻ പിന്നാക്ക ജാതിക്കാരനായതിനാലാണ് വിവേചനം നേരിടേണ്ടി വന്നതെന്ന് മന്ത്രിതന്നെ വെളിപ്പെടുത്തിയത് കേരളത്തിന് നാണക്കേടായി. പരാതിയൊന്നുമില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞതിനാൽ അതവിടെ അവസാനിച്ചു. ഈ സംഭവത്തിനുശേഷമാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ നിതിൻരാജിന്റെ മരണം ചർച്ചയാകുന്നത്. പിന്നാക്ക ജാതിക്കാരനെന്ന നിലക്ക് കടുത്ത വിവേചനം നേരിടേണ്ടി വന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. നിതിന്റെ പിതാവിന്റെ പരാതിയിൽ ബി.എൻ.എസ്.എസ് വകുപ്പ് 108 പ്രകാരം (ആത്മഹത്യപ്രേരണ) കേസെടുത്തതിനു പുറമെ പട്ടികജാതി-വർഗ പീഡന നിരോധനനിയമ വകുപ്പ് പ്രകാരവും കേസെടുത്തിരിക്കുകയാണ് പൊലീസ്. പട്ടികജാതി-വർഗ പീഡന നിരോധന നിയമം ചുമത്താൻ പൊതുവെ പൊലീസ് വിസ്സമ്മതിക്കുന്നുവെന്നാണ് ദലിത് സംഘടനകളുടെ പ്രധാന പരാതി.
കറുത്ത നിറത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, മുസ്ലിമായതിന്റെ പേരിൽ ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ അപഹാസ്യം സഹിക്കവയ്യാതെ പീഡിപ്പിക്കപ്പെട്ട് ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന ഉത്തരേന്ത്യൻ സാഹചര്യം കണ്ണൂരിൽ സംഭവിക്കുന്നതെന്തുകൊണ്ടെന്ന് മതനിരപേക്ഷവും പുരോഗമനപരമെന്നും അവകാശപ്പെടുന്ന വിദ്യാർഥി-യുവജന സംഘടനകൾ പുനരാലോചിക്കേണ്ടതുണ്ടെന്ന് ഡി.വൈ.എഫ്.ഐ മുൻ ജില്ല സെക്രട്ടറി മനുതോമസ് സമൂഹമാധ്യമത്തിൽ കുറിച്ചു.
എം.കെ. റാമുമാർക്കും സംഗീത നമ്പ്യാർമാർക്കും അല്ലാതെ ആർക്കൊക്കെയാണ് ഇവിടെ പഠിക്കാനും ജീവിക്കാനും സ്വാതന്ത്യ്രമുള്ളതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.