നീണ്ടൂർ സ്കൂളിലെ മോഷണം; രണ്ട് പൂര്‍വവിദ്യാർഥികൾ അറസ്റ്റില്‍

കോട്ടയം: നീണ്ടൂര്‍ എസ്.കെ.വി സ്കൂളിന്‍റെ ഓഫിസ് മുറി കുത്തിത്തുറന്ന് നാല് ലാപ്ടോപ്പും രണ്ടു കാമറയും മോഷ്ടിച്ച കേസിൽ പൂർവവിദ്യാർഥികൾ പിടിയിൽ. നീണ്ടൂർ പ്രാവട്ടം പറയൻകുന്നേൽ ധനുരാജ് (21), നീണ്ടൂർ തൊമ്മൻപറമ്പിൽ ഡെപ്യൂട്ടികവല അരവിന്ദ ടി. രാജു (20) എന്നിവരാണ് പിടിയിലായത്.

കോട്ടയം ഡോഗ് സ്ക്വാഡിലെ നായ് രവി എന്ന അപ്പുവിന്‍റെ ഇടപെടലാണ് പ്രതികളെ പിടികൂടാൻ നിർണായകമായത്. തിങ്കളാഴ്ചയായിരുന്നു മോഷണം. ഏറ്റുമാനൂര്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടെ സ്കൂളിനടുത്തുള്ള എസ്.എൻ.ഡി.പി കെട്ടിടത്തിന്‍റെ പുറകുവശത്തെ ഉപയോഗശൂന്യമായ ശുചിമുറിയില്‍നിന്ന് രണ്ട് ലാപ്ടോപ് കണ്ടെത്തി. ഇവിടെ നടത്തിയ തിരച്ചിലിൽ കെട്ടിടത്തിന്‍റെ മുകൾ നിലയിൽനിന്ന് മറ്റൊരു ലാപ്ടോപ്പും കണ്ടെത്തി. തുടർന്ന് ഡ്വാഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

സംഭവസ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള വീടിനു സമീപം പൊലീസ് നായ് മണം പിടിച്ചെത്തി. ഇവിടെയെത്തി കുരച്ചതോടെ പ്രതികൾ വീട്ടില്‍നിന്ന് ഇറങ്ങിയോടി. ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരമനുസരിച്ച് ഒരു ലാപ്ടോപ്പും കാമറകളും കണ്ടെടുത്തു. പ്രതികൾ മയക്കുമരുന്ന്, കഞ്ചാവ് കേസുകളിലും ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമാനൂർ എസ്.എച്ച്.ഒ സി.ആർ. രാജേഷ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. പ്രശോഭ്, മാത്യു പി. പോള്‍, അഡി. സബ് ഇന്‍സ്പെക്ടര്‍മാരായ സിനോയ്, മനോജ്, സി.പി.ഒമാരായ ഡെന്നി പി. ജോയ്, പ്രവീണ്‍, ജോതികൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    
News Summary - Theft at Nendur School; Two former students were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.