ക്രൈംബ്രാഞ്ച് സീൽ ചെയ്ത മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പഞ്ചലോഹ വിളക്ക്​ ഉൾപ്പെടെ 15 സാമഗ്രികൾ നഷ്ടമായി; ദുരൂഹത

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പഞ്ചലോഹ വിളക്ക്​ അടക്കമുള്ള സാമഗ്രികൾ നഷ്ടമായി. ക്രൈംബ്രാഞ്ച് സീൽ ചെയ്ത വാടകവീട്ടിൽനിന്നാണ് വിലപിടിപ്പുള്ള പതിനഞ്ചോളം സാധനങ്ങൾ നഷ്ടമായത്. കോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ.ആർ. റസ്റ്റമിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മോൻസണിന്‍റെ കലൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വീട് വിട്ടുനൽകണമെന്ന വീട്ടുടമയുടെ ഹരജിയിൽ കോടതി അനുകൂല ഉത്തരവ് നൽകിയിരുന്നു. പുരാവസ്തുക്കൾ മോൻസണിന് നിർമിച്ച് നൽകിയ ശിൽപി തന്‍റെ സാധനങ്ങൾ വിട്ടുനൽകണമെന്ന് കാണിച്ച് നൽകിയ ഹരജിയിലും കോടതി അനുകൂല ഉത്തരവ് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം വീട്ടിലെത്തി സാധനങ്ങൾ മാറ്റാൻ ലിസ്റ്റ്​ എടുത്തപ്പോഴാണ് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായതായി വ്യക്തമായത്.

ടിപ്പു സുൽത്താന്‍റെ സിംഹാസനമടക്കം ആയിരത്തെണ്ണൂറോളം വ്യാജ പുരാവസ്തുക്കൾ വീട്ടിലുണ്ടെന്നായിരുന്നു നേരത്തേ അന്വേഷണസംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇക്കൂട്ടത്തിൽനിന്ന്​ ഏറ്റവും വിലപിടിപ്പുള്ളവയാണ് നഷ്ടമായത്. സംഭവത്തിന് പിന്നിൽ വീടുമായി അടുത്ത ബന്ധമുള്ളവരാകാമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഉദ്യോഗസ്ഥരെത്തുമ്പോഴും വീട് പൂട്ടിയ നിലയിലായിരുന്നു.

താക്കോൽ പൊലീസ് സ്​റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. കള്ളത്താക്കോൽ ഉപയോഗിച്ചാണ് വീട്ടിൽ കയറിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. വീട്ടിൽ മോഷണം നടന്നതായി കാണിച്ച് മോൻസണിന്‍റെ മകനും കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. സംഭവം സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഡിവൈ.എസ്.പി റസ്റ്റം പറഞ്ഞു. മോഷണത്തെക്കുറിച്ച് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Theft at Monson Mavunkal house: Police investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.