ആലപ്പുഴ: തെരഞ്ഞെടുപ്പുകാലത്ത് മുന്നണി നേതാക്കളും സ്ഥാനാർഥികളും മുറതെറ്റാതെ സന്ദർശിക്കുന്ന ഇടങ്ങളിലൊന്നാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ കണിച്ചുകുളങ്ങരയിലെ വീട്. പക്ഷേ അവരാരും വെള്ളാപ്പള്ളിയുടെ പരസ്യപിന്തുണ ആഗ്രഹിക്കുന്നില്ലെന്നതാണ് വാസ്തവം. വെള്ളാപ്പള്ളി പിന്തുണക്കുന്നവർ പരാജയപ്പെടുമെന്നതും തോൽപിക്കണമെന്ന് ആഹ്വാനം ഏറ്റുവാങ്ങിയവർ പുഷ്പംപോലെ ജയിക്കുമെന്നതും പരസ്യമായ രഹസ്യമാണ്. ഇതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉടുമ്പഞ്ചോലയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.എം. മണിക്കുണ്ടായത്. ഇഞ്ചോടിഞ്ച് മത്സരം മൂർധന്യതയിൽ നിൽക്കുേമ്പാഴാണ് മണ്ഡലത്തിൽ വെള്ളാപ്പള്ളി ചെയ്ത പ്രസംഗത്തിൽ മണിക്കെതിരെ 'ബോഡി ഷെയ്മിങ്' നടത്തിയത്. കേവലം 1109 വോട്ടിന് കഷ്ടിച്ച് കടന്നുകൂടിയ മണിയാശാൻ മന്ത്രിയുമായി. എന്നാൽ, ഇതേ മണിയെ ഇതേ വേദിയിലിരുത്തി മികച്ച മന്ത്രിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞത് കഴിഞ്ഞ മാസമാണ്.
എല്ലാ കാലത്തും വെള്ളാപ്പള്ളിയോട് ഇടഞ്ഞുനിൽക്കുന്നയാളാണ് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അന്തകനാണ് വെള്ളാപ്പള്ളിയെന്ന് സുധീരനും തിരിച്ച് കോൺഗ്രസിെൻറ അന്തകനാണ് സുധീരനെന്ന് വെള്ളാപ്പള്ളിയും പരസ്പരം ആക്ഷേപങ്ങളുന്നയിക്കുക പതിവാണ്. ഒരിക്കൽ എന്ത് വിലകൊടുത്തും സുധീരനെ തോൽപിക്കുമെന്ന് വെള്ളാപ്പള്ളി ആഹ്വാനം ചെയ്തതും അക്കുറി വലിയ ഭൂരിപക്ഷത്തിന് വിജയിച്ചതും ചരിത്രമായി. എന്നാൽ, പിന്നീട് അപരൻ സുധീരനിലൂടെ യഥാർഥ സുധീരൻ തോൽപിക്കപ്പെട്ടു. സുധീരെൻറ ഈ തോൽവിയിൽ എട്ടുകാലി മമ്മൂഞ്ഞിെൻറ വേഷം വെള്ളാപ്പള്ളിക്ക് കിട്ടി.
കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, പി.സി. വിഷ്ണുനാഥ്, വി.ഡി. സതീശൻ, ബാബുപ്രസാദ്, എ.എ. ഷുക്കൂർ തുടങ്ങിയവരും വെള്ളാപ്പള്ളിയുടെ 'തോൽപിക്കൽ' ആഹ്വാനത്തെ മറികടന്ന് വിജയിച്ചവരാണ്. അന്തരിച്ച കോൺഗ്രസ് നേതാവ് സി.ആർ. ജയപ്രകാശിനെ അരൂരിൽ പിന്തുണക്കാൻ വെള്ളാപ്പള്ളി തയാറായത് തിരിച്ചടിയായി. 2016ൽ 38,519 വോട്ടുകൾക്കാണ് എ.എം. ആരിഫിനോട് അദ്ദേഹം അടിയറ പറഞ്ഞത്. 1996ൽ മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദൻ തോറ്റ തെരഞ്ഞെടുപ്പ് വേളയിൽ വെള്ളാപ്പള്ളി അറിഞ്ഞോ അറിയാതെയോ ഒരു പ്രസ്താവന നടത്തിയിരുന്നു. അതിനെതിരെ ക്രിസ്ത്യൻ-നായർ വോട്ടുകളുടെ ഏകീകരണം സംഭവിെച്ചന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. ഇക്കുറി ചേർത്തലയിൽ പി. തിലോത്തമനെ മത്സരിപ്പിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടപ്പോൾ പലരും അടക്കംപറഞ്ഞത് ഇങ്ങനെ: 'നടേശൻ മുതലാളിക്ക് തിലോത്തമൻ സഖാവിനോട് ഇത്രക്കും ശത്രുതയുണ്ടോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.