ആദിവാസികളിൽ പലർക്കും അവശ്യരേഖകള്‍ ഇല്ലെന്ന് വനിത കമീഷൻ

കാസർകോട്: ആദിവാസികളിൽ പലർക്കും അവശ്യരേഖകള്‍ ഇല്ലെന്ന് വനിത കമീഷൻ. പട്ടികവര്‍ഗ കാമ്പിന്റെ ഭാഗമായി വനിതാ കമീഷന്‍ നടത്തിയ ഊര് സന്ദര്‍ശനത്തില്‍ ഇത്തരം അവശ്യരേഖകള്‍ പലര്‍ക്കും ഇല്ല എന്ന് കണ്ടെത്തിയത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ അവശ്യരേഖകള്‍ ഇല്ലാത്തവര്‍ക്ക് ഇത് അടിയന്തിരമായി ലഭ്യമാക്കുന്നതിന് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ന്നു നടപടി സ്വീകരിക്കണമെന്ന് കമീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ നിർദേശം നൽകി.

പട്ടികവര്‍ഗ മേഖല കാമ്പിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ വ്യാപാരി വ്യവസായി സമിതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.സമൂഹത്തിലെ സാധ്യതകളും ആനുകൂല്യങ്ങളും വിനിയോഗിച്ച് ജീവിതത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധിക്കണമെന്ന് അവർ പറഞ്ഞു.

കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ശ്രദ്ധിക്കണം. സ്‌കൂളുകളില്‍ ഭക്ഷണവും പഠനസൗകര്യങ്ങളും ഉള്‍പ്പെടെ മികച്ച വിദ്യാഭ്യാസ സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും കൃത്യമായി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കുന്നതിന് വിദ്യാഭ്യാസം സഹായകമാകും.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അര്‍ഹരായവരുടെ കൈകളിലേക്ക് ഈ ആനുകൂല്യങ്ങള്‍ പൂര്‍ണമായി എത്തുന്നില്ല. എവിടെയൊക്കെയോ തടസപ്പെടുകയും ചൂഷണത്തിന് വിധേയമാകുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള അവശ്യരേഖകള്‍ അനിവാര്യമാണ്.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് വനിതാ കമീഷന്‍ നല്‍കുന്ന സേവനങ്ങളെയും സഹായങ്ങളെയും കുറിച്ച് അംഗങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് ചര്‍ച്ച നടത്തണം. കുട്ടിയുടെ പിതൃത്വം നിഷേധിക്കപ്പെട്ടാല്‍ അതു തെളിയിക്കുന്നതിനുള്ള ഡി.എ.ന്‍എ ടെസ്റ്റ് ചെയ്യാനുള്ള സഹായം വനിതാ കമീഷന്‍ നല്‍കും. പട്ടികവര്‍ഗ മേഖലയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടെന്നുള്ളത് സന്തോഷകരമാണ്. കമീഷന്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം ആരും പരാതിയായി ഉന്നയിച്ചില്ല. സ്ത്രീകള്‍ പിന്നോക്കം പോയാല്‍ സമൂഹം ആകെ പിന്നോക്കം പോകുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. വി.ആര്‍. മഹിളാമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശോഭനകുമാരി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - The Women's Commission said that many of the tribals do not have the necessary documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.