യു.ഡി.എഫ് സർക്കാർ ആഴ്ചയിൽ ഒരു പാലം നിർമിച്ചപ്പോൾ എൽ.ഡി.എഫ് അഞ്ച് വർഷം കൊണ്ട് നിർമിച്ചത് ഒരു പാലം -ഉമ്മൻ ചാണ്ടി

കോട്ടയം: യു.ഡി.എഫ് സര്‍ക്കാര്‍ ആഴ്ചയില്‍ ഒരു പാലം എന്ന നിരക്കില്‍ പാലങ്ങള്‍ തീര്‍ത്തപ്പോള്‍, ഇടതുസര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ടൊരു പാലം എന്ന നയമാണ് സ്വീകരിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാര്‍ ഡി.പി.ആര്‍ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ അഞ്ചു വര്‍ഷമെടുത്താണ് ഇടതുസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

എന്നാൽ, അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതിവേഗം വളരുന്ന കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കൂടി തുടങ്ങിയപ്പോള്‍, സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂര്‍ ദേശീയപാത ബൈപാസില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതു ഉള്‍പ്പെടെയുള്ള ഉത്തരവ് ഇറക്കിയത്. ഇതില്‍ ഇടപ്പള്ളിയും പാലാരിവട്ടവും യു.ഡി.എഫിന്‍റെ കാലത്തു തന്നെ ഏതാണ്ട് പൂര്‍ത്തിയാക്കി യഥാക്രമം 2016 സെപ്റ്റംബറിലും ഒക്‌ടോബറിലും തുറന്നു. പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ 70 ശതമാനം യു.ഡി.എഫും 30 ശതമാനം ഇടതുസര്‍ക്കാരുമാണ് പൂര്‍ത്തിയാക്കിയത്.

വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ക്ക് ഡി.പി.ആര്‍ തയാറാക്കി സ്‌പെഷന്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് പ്രാഥമിക ചെലവുകള്‍ക്കുള്ള തുക അനുവദിച്ചു. അപ്പോഴേക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തി.

കേരളത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ നേതൃത്വത്തിലാണ്. വര്‍ഷങ്ങളോളമായി മുടങ്ങിക്കിടക്കുന്നത് ഉള്‍പ്പെടെ 245 പാലങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കി. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയതല്ലാത്ത ഒരു ഫ്‌ളൈഓവറോ പാലമോ ഇടതുസര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. 

Tags:    
News Summary - The UDF government built one bridge a week while the LDF built one bridge in five years - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.