ആടുജീവിതത്തിൽ നജീബിന്റെ രക്ഷകനായി വേഷമിട്ട ഹോളിവുഡ് താരം ജിമ്മി ജീൻ ലൂയിസിനൊപ്പം മൂസക്കുട്ടി വെട്ടിക്കാട്ടിരി   

ആടുജീവിതത്തിന്റെ വിവർത്തകന് ആത്മഹർഷം

മലപ്പുറം: സിനിമാലോകം കാത്തിരുന്ന ആടു ജീവിതത്തിന്റെ തിരക്കഥക്കൊപ്പം വിവർത്തകനായി സഞ്ചരിച്ച മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് ഇത് ജീവിതത്തിലെ അത്യാഹ്ലാദ നിമിഷം. സിനിമയുടെ അഞ്ചു വർഷം നീണ്ട പിന്നണി പ്രവർത്തനത്തിൽ സീജവമായിരുന്നു ഈ മലപ്പുറത്തുകാരൻ. ഒടുവിൽ കാത്തിരുന്ന ഇതിഹാസ സിനിമ ​പ്രേക്ഷകന് മുന്നിലെത്തിയപ്പോൾ മൂസക്കുട്ടിക്ക് പറഞ്ഞാൽ തീരാത്ത ചാരിതാർഥ്യം.

വായനക്കാരന്റെ നെഞ്ചു പൊള്ളിച്ച ബെന്യാമിന്റെ ആടുജീവിതത്തിന് സിനിമാഭാഷ്യം നൽകിയ ബ്ലസിക്കൊപ്പം ജിമ്മി ജീൻ ലൂയിസിനെപ്പോലുള്ള ലോകചലച്ചിത്രനടൻമാർ​ക്കൊപ്പം പ്രിഥിരാജനെ പോലുള്ള കലാകാരൻമാ​ർക്കൊപ്പം പ്രവർത്തിക്കാനും അവരുടെ ഇഷ്ടം നേടാനും ഭാഗ്യം ലഭിച്ചതിന്റെ ത്രില്ലിലാണ് മൂസക്കുട്ടി. നജീബിന്റെ മരുഭൂമിയിലെ സഞ്ചാരവഴികൾ ആവിഷ്കരിക്കാൻ പോയ അനുഭവങ്ങൾക്ക് മണൽക്കാറ്റിന്റെ കൊടും ചൂടുണ്ട്. മരുഭൂവിന്റെ കൊടുംകുളിരിന്റെ മിടിപ്പുമ​ുണ്ട്.

അറബ് ജീവിതവും സംസ്കാരവും സിനിമയിൽ പൂർണതയോടെ കൊണ്ടുവരുന്നതിൽ നിർണായക പാലമായി വർത്തിക്കലായിരുന്നു മൂസക്കുട്ടിയുടെ ദൗത്യം. സിനിമയുടെ ഓരോ ഘട്ടത്തിലും മാറ്റത്തിരുത്തലുകളോടെ വരുന്ന തിരക്കഥകൾക്ക് തൽസമയം അറബി വിവർത്തനം നൽകൽ വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് മൂസക്കുട്ടി പറയുന്നു. അറബ് സംസ്കാരം അറിഞ്ഞുകൊണ്ട് തിരക്കഥക്കപ്പുറമുള്ള സംഗതികൾ സിനിമയിൽ കൊണ്ടുവരലും പ്രധാനമായിരുന്നു. അറബ് കഥാപാ​ത്രങ്ങൾ പറയുന്ന സംഭാഷണങ്ങൾ കൃത്യമാണോ എന്ന് ഉറപ്പുവരുത്തലും വലിയ ഉത്തരവാദിത്തമായിരുന്നു.

ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസിനെ കൊണ്ട് അറബി സംഭാഷണങ്ങൾ പറയിപ്പിച്ചതൊക്കെ രസമുള്ള ഓർമകളാണ്. അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി തുടങ്ങിവർക്ക് സിനിമയിൽ സഹവർതിത്വത്തിന്റെ പാലമാവാൻ സാധിച്ചതും രസമുള്ള ഓർമകൾ. ജോർഡനിലും അൽജീരിയയിലുമായിട്ടായിരുന്നു ഷൂട്ടിങ്. ആറ് മാസം കൊണ്ട് സിനിമ പൂർത്തിയാവുമെന്നാണ് ആദ്യം വിചാരിച്ചത്. അത് നീണ്ട് നീണ്ട് അഞ്ച് വർഷം വരെയെത്തി. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് ആദ്യം സിനിമയിൽ പ്രവർത്തിക്കാൻ ക്ഷണം ലഭിച്ചത്. ആദ്യം പിൻമാറാൻ ശ്രമിച്ചെങ്കിലും സുഹൃത്തും എഴുത്തുകാരനുമായ മുസഫർ അഹമ്മദിന്റെ നിർബന്ധത്തിന് വഴങ്ങി സമ്മതം മൂളി.

സംവിധായകർ ബ്ലസിയുമൊത്തുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വലിയ ആത്മവിശ്വാസം കിട്ടി. സിനിമയിലെ ഓരോ നിമഷങ്ങളെയും പൂർണമാക്കാനുള്ള അദ്ദേഹത്തിന്റെ ഇടപെടൽ ഭാഷാന്തര പ്രവർത്തനത്തിന് മിഴിവ് പകർന്നു. റിയാദ് കിങ് സഊദ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തിയ മൂസക്കുട്ടി കാൽ നൂറ്റാണ്ടോളം സൗദി അറേബ്യയിലെ വിവിധ സ്ഥാപനങ്ങളിൽ ഭാഷാവിവർത്തന മേഖലയിൽ പ്രവർത്തിച്ചു. ജിദ്ദയിൽ മാധ്യമം-മീഡിയവൺ ലേഖകനായും സേവനമനുഷ്ഠിച്ചു. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയാണ്. ഇപ്പോൾ ശാന്തപുരം അൽജാമിഅ കോളജിൽ ലാംഗ്വേജ് ഫാക്കൽട്ടി ഡീൻ ആണ്. ഭാര്യ പി.പി. സഫിയ. മൂന്ന് മക്കളുണ്ട്.

Tags:    
News Summary - The translator of got life rejoices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.