മലപ്പുറം: ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യൂ.ആർ ഇല്യാസ്, വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി, സഞ്ജീവ് ഭട്ട് ഐ.പി.എസിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേതാ ഭട്ട് തുടങ്ങിയവർ മുഖ്യാതിഥികളാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, അംബേദ്കറുടെ കുടുംബാംഗവും പ്രമുഖ ദലിത് ആക്ടിവിസ്റ്റുമായ രാജരത്നം അംബേദ്കർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ നായികയുമായ അഫ്രീൻ ഫാത്തിമ, ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹ്മദ് ഹാജിയുടെ പേരക്കുട്ടി ഹാജറ വാരിയംകുന്നൻ, റൈഹാനത്ത് സിദ്ദീഖ് കാപ്പൻ, വെൽഫെയർ പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. എസ്. അബ്ദുറഹ്മാൻ എന്നിവരും പങ്കെടുക്കും.
ഡിസംബർ 27ന് രാവിലെ 10ന് മലപ്പുറം താജ് ഓഡിറ്റോറിയത്തിൽ (പി.സി. ഹംസ - തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന പ്രവർത്തക സമിതി, ഫെഡറൽ ജനറൽ കൗൺസിൽ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രതിനിധി സമ്മേളനത്തിൽ നടക്കും. ഡിസംബർ 29ന് വൈകിട്ട് മലപ്പുറം ജില്ലയിലെ പ്രവർത്തകർ അണിനിരക്കുന്ന ബഹുജനറാലിക്ക് ശേഷം വാരിയംകുന്നൻ നഗറിൽ (വലിയങ്ങാടി) നടക്കുന്ന പൊതു സമ്മേളനം ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ ഇല്യാസ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ സംഘ്പരിവാർ വംശീയ ഫാഷിസത്തെ പരാജയപ്പെടുത്താൻ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ യോജിച്ച ബഹുജന മുന്നേറ്റം എത്രയും വേഗം ഉണ്ടാകണമെന്ന നിലപാടാണ് വെൽഫെയർ പാർട്ടി ഉയർത്തുന്നതെന്ന് വാർത്തസമ്മേളനത്തിൽ ഹമീദ് വാണിയമ്പലം പറഞ്ഞു.
കേരളത്തിലെ രണ്ടാം പിണറായി സർക്കാർ സ്വജനപക്ഷപാത - ബന്ധു - പാർട്ടി നിയമന സർക്കാറായി മാറി. തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യം വെച്ച് ഇടതുപക്ഷം മുസ്ലിം ഭീതി പരത്തി നടത്തുന്ന സാമുദായിക ധ്രുവീകരണ ശ്രമങ്ങൾ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സുരേന്ദ്രൻ കരിപ്പുഴ, റസാഖ് പാലേരി, ഇ.സി. ആയിശ, സജീദ് ഖാലിദ്, ഗണേഷ് വടേരി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.