കൊച്ചി: കഴിഞ്ഞദിവസം കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയും ഡോക്ടറും അഭിഭാഷകനുമടങ്ങുന്ന എട്ടംഗം സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണവുമായി കസ്റ്റംസും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും പൊലീസും എക്സൈസും. അറസ്റ്റിലായി പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയത് ചർച്ചയായിരുന്നു. എന്നാൽ, കുറഞ്ഞ അളവിൽ ലഹരി പിടികൂടിയാൽ ഇവരെ റിമാൻഡ് ചെയ്യുകയെന്നത് എളുപ്പമല്ല. അതിനാലാണ് ജാമ്യത്തിൽ വിട്ടത്. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് ഇവരിൽ പലരും രക്ഷപ്പെടുന്നത്. അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവയാണ് എട്ടംഗ സംഘത്തിൽനിന്ന് പിടിച്ചെടുത്തത്.
കൊച്ചിയിലെ ഹോട്ടലിൽ പിടിയിലായവർ തലേന്ന് ആഡംബര ക്രൂസിൽ പാർട്ടി കഴിഞ്ഞ് അടുത്ത പാർട്ടിക്ക് വേണ്ടി ഹോട്ടലുകളിൽ എത്തിയതാണ്. ഇത്തരം നിരവധി കൂട്ടായ്മകൾ രഹസ്യമായി നഗരത്തിന്റെ പലയിടങ്ങളിലും പാർട്ടി നടത്തുന്നുണ്ട്. പിടിയിലായ തിരുവനന്തപുരം സ്വദേശിയായ ഷോൺ എന്ന ഷാജി ഫെർണാണ്ടോയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. പിടിയിലായവർക്ക് ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ലഹരി ശൃംഖലയുടെ വിദേശബന്ധം അന്വേഷിക്കുന്നുണ്ട്. സംസ്ഥാന അതിര്‍ത്തി കടന്നെത്തുന്ന രാസലഹരികൾ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ലഹരികളുടെയും താവളമായി കൊച്ചി മാറിയിട്ടുണ്ട്. സമൂഹത്തിലെ ഉന്നത ശ്രേണികളിലുള്ളവരിലേക്ക് ലഹരി വലിയ ബുദ്ധിമുട്ടില്ലാതെ എത്തുന്നുവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയും ഡോക്ടറും അഭിഭാഷകനുമടങ്ങുന്ന എട്ടംഗം സംഘം അടുത്തിടെ പിടിയിലായ സംഭവം.
ഹോട്ടലിലെ സംഘത്തിൽനിന്ന് പിടിച്ചത് ശൃംഖലയുടെ ഒരുകണ്ണി മാത്രമേ ആകുന്നുള്ളൂ, ഞങ്ങളതിന്റെ പുറകെയാണ് എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. കൊച്ചിയിലെ രാസലഹരി കടത്തുന്നത് തടയാൻ അധികൃതർ ഒട്ടേറെ ശ്രമം നടത്തിയിരുന്നു. എന്നാൽ, ലഹരി കടത്തുന്നവർ സ്വീകരിക്കുന്ന മാർഗങ്ങൾ ഇതിനെ കവച്ചുവെക്കുന്നതാണ്. ഇന്ന് അങ്കമാലിയിൽ 557 ഗ്രാം എം.ഡി.എം.എയുമായി ഫോർട്ട്കൊച്ചി സ്വദേശികളായ രണ്ടുപേർ പിടിയിലായ സംഭവം ഇതിന് ഉദാഹരണമാണ്. ബെംഗളരൂവിൽനിന്ന് ചെറിയ കവറുകളിലാക്കി ബൈക്കുകളിലാണ് മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് സാഹിൽ എന്നിവർ അങ്കമാലിക്കടുത്ത വാണിയംപാറ വരെ എത്തിയത്. തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് കാക്കനാട്ടേക്ക് ഊബർ ബുക്ക് ചെയ്ത് സഞ്ചരിക്കുമ്പോഴായിരുന്നു ഇവർ പിടിയിലായത്.
കഴിഞ്ഞവർഷം ജൂലൈയിൽ ലഹരിയുമായി പിടിയിലായ ബ്രസീലിയൻ ദമ്പതികൾ സാവോപോളോയിൽനിന്ന് കൊച്ചിയിലെത്തി മറ്റൊരു വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് ബ്രൂണ ഗബ്രിയേൽ റോഡ്രിഗ്സ്, ഭാര്യ ലൂക്കാസ് ഡ സിൽവ ബാറ്റിസ്റ്റ എന്നിവർ പിടിയിലാകുന്നത്. രണ്ടുപേരുടേയും വയറ്റിൽ ഉണ്ടായിരുന്നത് 1.67 കിലോഗ്രാം വരുന്ന 163 കൊക്കെയ്ൻ ഗുളികകളും. ഇതിന്റെ വിപണി വില 16 കോടി രൂപയോളമാണ്. മൂന്നു ലക്ഷം ഇന്ത്യൻ രൂപ പ്രതിഫലത്തിനാണ് ഇവർ ലഹരി കടത്ത് നടത്തിയത്. ലൂക്കാസ് ആറു മാസം ഗർഭിണിയുമായിരുന്നു. ‘നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം തിരുവന്തപുരത്തേക്ക് പോവുകയും അവിടെ ബുക്ക് ചെയ്ത ഹോട്ടലിൽ കാത്തിരിക്കുക എന്നുമാണ് ലഹരി മാഫിയ ഇവർക്ക് അയച്ച സന്ദേശം. പിന്നെ ഒന്നിനെക്കുറിച്ചും ഒരുവിവരവുമില്ല. മാസങ്ങൾക്ക് മുമ്പ് 32.42 കോടി രൂപ വില വരുന്ന 3.29 കിലോഗ്രാം കൊക്കെയ്നുമായി ഒമാരി അതുമാനി ജോംഗോ, വെറോണിക്ക അഡ്രെഹെലം എൻഡുങ്കുരു എന്നീ ടാൻസാനിയൻ ദമ്പതികൾ പിടിയിലായിരുന്നു. ഇവർക്കും ലഹരി മാഫിയ നൽകിയിരുന്നത് സമാന രീതിയിലുള്ള സന്ദേശം.
ബെംഗളൂരുവിൽനിന്ന് ഡല്‍ഹിയിൽ നിന്നുമെത്തിക്കുന്ന എം.ഡി.എം.എയും ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽനിന്ന് ഇതര സംസ്ഥാന തൊഴിലാളികൾ വഴി കടത്തുന്ന കഞ്ചാവും അസമിൽ നിന്നെത്തിക്കുന്ന ഹെറോയിനും എറണാകുളം സിറ്റി, റൂറൽ പൊലീസ്, എക്സൈസ് തുടങ്ങിയവർ ദിവസേന പിടികൂടുന്നുണ്ടെങ്കിലും പിടിച്ചെടുക്കുന്നതിന്റെ ഇരട്ടിയാണ് കടത്തുന്നതെന്ന് എക്സൈസ് ചൂണ്ടിക്കാട്ടുന്നു. പിടിയിലാകുന്നതെല്ലാം ചെറുമീനുകൾ മാത്രം. ആരാണ് അയച്ചതെന്നോ ആർക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്നോ പലപ്പോഴും തെളിയാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.