മലപ്പുറം: മലപ്പുറം നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി.
ചീഫ് ഇലക്ഷൻ ഏജന്റ് പി.എ. സലാമാണ് മലപ്പുറം സൈബർ സെൽ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്. 'Regunath Menon' എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്നത്. "ഗുരുവായൂർ അമ്പലം മതേതര സർക്കാറിന്റേതാണ്, ഗുരുവായൂർ ദേവസ്വം ബോർഡിൽ മുസ്ലിം ലീഗിന് പ്രതിനിധികളുണ്ടാകും" എന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയ രീതിയിലാണ് പോസ്റ്റ് തയാറാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർഥിയെ മതതീവ്രവാദിയായി ചിത്രീകരിക്കാനും സമൂഹത്തിൽ മതസ്പർദ്ധയും വർഗീയ ചേരിതിരിവും ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് പരാതിയിൽ പറയുന്നു.
കുഞ്ഞാലിക്കുട്ടി ഒരു ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്ന പഴയ ചിത്രം ദുരുപയോഗം ചെയ്താണ് ഈ വ്യാജ പ്രചാരണം നടത്തുന്നത്.
ഇത്തരത്തിൽ വ്യാജവാർത്ത നിർമിച്ചവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ ക്രിമിനൽ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.