മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ

എഫ്.സി.ആർ.എ: ക്രിസ്തുവിനെയല്ലാതെ ആരെയും ഭയക്കുന്നില്ല -കത്തോലിക്ക ബാവ

കോട്ടയം: രാജ്യത്ത് വിശ്വാസികൾ കടുത്ത ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും ക്രിസ്തുവിനെയല്ലാതെ ആരെയും ഭയക്കുന്നില്ലെന്നും മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. ക്രിസ്ത്യാനികളാണെന്നതിന്റെ പേരിൽ വൈദികരും കന്യാസ്ത്രീകളും രാജ്യത്തുടനീളം പലതരത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഏതുതരത്തിലുള്ള പീഡനങ്ങൾ നേരിടാനും തയ്യാറാകുന്നതിലൂടെ മാത്രമേ അവയെ അതിജീവിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിലൂടെ നാം കാണുന്ന ഇത്തരം ഭീഷണികൾ വ്യാപിക്കുകയാണെങ്കിൽ നമുക്കെല്ലാവർക്കും സമാനമായ സാഹചര്യം നേരിടേണ്ടി വരും.

എന്നാൽ അത്തരം സന്ദർഭങ്ങളിൽ ക്രിസ്തുവിനുവേണ്ടി കഷ്ടതകളനുഭവിക്കാനും യേശുക്രിസ്തുവിനെയല്ലാതെ മറ്റാരെയും ഭയക്കുന്നില്ലെന്ന് ധൈര്യമായി പറയാനുമുള്ള ആർജ്ജവം വിശ്വാസികൾക്കുണ്ടാവണം. ലോകത്തെ ഒരു ജനതയെയോ വ്യവസ്ഥിതിയെയോ സർക്കാരുകളെയോ സഭ ഭയപ്പെടുന്നില്ലെന്നും ഏത് യാതനയും നേരിടാൻ വിശ്വാസികൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ എഫ്.സി.ആർ.എ നിയമഭേദഗതിക്കെതിരെ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും രംഗത്തെത്തി. അപ്രതീക്ഷിതമായി കൊണ്ടുവന്ന പുതിയ നിയമം ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഇതിൽ ന്യൂനപക്ഷങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതു തരത്തിലുള്ള പരീക്ഷണങ്ങളെയും അതിജീവിക്കാൻ തയ്യാറായെങ്കിൽ മാത്രമേ വിശ്വാസം നിലനിർത്താൻ നമുക്ക് കഴിയുകയുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Tags:    
News Summary - FCRA: We fear no one except Christ - Catholicos Bawa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.