പോപുലർ ഫ്രണ്ട് നിരോധനത്തെ നിയമപരമായി നേരിടുമെന്ന് സംസ്ഥാന നേതൃത്വം

കൊല്ലം: പോപുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ നിയമപരമായി നേരിടുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ. നിയമനടപടികൾ സ്വീകരിക്കാനായി ഉടൻ തന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. അധികൃതർ നടത്തിയ റെയ്ഡിൽ പൂർണമായി സഹകരിച്ചെന്നും അബ്ദുൽ സത്താർ മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ പ്രവർത്തനം നിരോധിച്ചുള്ള വിജ്ഞാപനം ഇന്ന് രാവിലെയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നീ പോപുലർ ഫ്രണ്ടിന്‍റെ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാക്കിയിട്ടുണ്ട്.

രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുലർച്ചെ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭീകരപ്രവർത്തനത്തിൽ നേരിട്ട് ബന്ധം, ഫണ്ട് സ്വരൂപണം, ആയുധ പരിശീലനം, ന്യൂനപക്ഷ വിഭാഗത്തെ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് നിരോധനത്തിനായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.

2006 നവംബർ 22നാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സ്ഥാപിച്ചത്. കേരളത്തിലെ എൻ.ഡി.എഫ്, കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്നാട്ടിലെ മനിത നീതി പാസറൈ എന്നീ സംഘടനകൾ ചേർന്ന് രൂപം കൊടുത്ത ദേശീയ സംഘടനയാണ് പി.എഫ്.ഐ.

ആന്ധ്രപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി സോഷ്യൽ ആൻഡ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗരിക്‌ അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യൽ ഫോറം എന്നിവയും പോപുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.

Tags:    
News Summary - The state leadership will fight the Popular Front ban legally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.