തിരുവനന്തപുരം: സര്‍ക്കാറിന്റെ എല്ലാ വികസന പദ്ധതികളിലും കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും പ്രധാന ഘടകങ്ങളായിരിക്കുമെന്നും പ്രകൃതിയെ തകര്‍ക്കാത്ത സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ നയമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടറിയേറ്റ് അങ്കണത്തില്‍ കോട്ടുര്‍കോണം മാവ് നട്ടു. വിദ്യാര്‍ഥികളില്‍ കാര്‍ഷിക ആഭിമുഖ്യം വളര്‍ത്തുന്ന കതിര് പദ്ധതിയുടേയും ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം എന്ന സമഗ്ര പച്ചക്കറി കൃഷി യജ്ഞത്തിന്റേയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കുട്ടി കര്‍ഷകരേയും മുഖ്യമന്ത്രി ആദരിച്ചു. പ്രകൃതിയെ തകര്‍ത്ത് മനുഷ്യന് നിലനില്‍പ്പില്ല. കാലാവസ്ഥാ വ്യതിയാനം ഭാവിയിലെ മാത്രം ഭീഷണിയല്ല, അതിന്റെ അപകടസൂചനകള്‍ ഇന്നുതന്നെ നമ്മുടെ ചുറ്റുപാടുകളില്‍ പ്രകടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മുന്നറിയിപ്പുകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ട സമയമാണിത്. മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടതാണെന്ന 'വണ്‍ ഹെല്‍ത്ത്' ആശയം ഇന്ന് ലോകം ഗൗരവമായി ചര്‍ച്ച ചെയ്യുകയാണ്. പ്രകൃതിയെ നശിപ്പിച്ച് മനുഷ്യസമൂഹത്തിന് മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവാണ് ഈ ആശയത്തിന്റെ കാതല്‍. 2018ലെ പ്രളയവും തുടര്‍ന്ന് ഉണ്ടായ മഹാമാരികളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സഹായിച്ചു.
പരിസ്ഥിതിയും കൃഷിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. കര്‍ഷകരെ പരിസ്ഥിതിയുടെ ശത്രുക്കളായി കാണുന്ന സമീപനം തെറ്റാണ്. യഥാര്‍ഥത്തില്‍ കര്‍ഷകര്‍ പ്രകൃതിയുടെ മിത്രങ്ങളാണ്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷയും കാര്‍ഷിക സ്വയംപര്യാപ്തതയും കൈവരിക്കണം. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന വിഷലിപ്തമായ പച്ചക്കറികളെ ആശ്രയിക്കാതെ നമ്മുടെ സംസ്ഥാനത്തിനകത്തുതന്നെ ഭക്ഷ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ട്. കുട്ടികളില്‍ ചെറുപ്പം മുതല്‍ കാര്‍ഷിക സംസ്‌കാരവും പരിസ്ഥിതി ബോധവും വളര്‍ത്തേണ്ടത് അനിവാര്യമാണ്. നമുക്ക് ഭക്ഷണം നല്‍കുന്ന കര്‍ഷകരെ മാതാപിതാക്കളെപ്പോലെ ആദരിക്കാന്‍ കുട്ടികള്‍ പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം ഇന്നത്തെ തലമുറക്കും വരും തലമുറകള്‍ക്കും വേണ്ടിയുള്ള ഉത്തരവാദിത്തമാണെന്ന് മുഖ്യപ്രഭാഷണത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. പ്രകൃതി വിഭവങ്ങള്‍ ആവശ്യത്തിനായി ഉപയോഗിക്കാമെങ്കിലും അവയുടെ അമിത ചൂഷണം ഭാവി തലമുറകളോടുള്ള അനീതിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികള്‍ക്കായി മന്ത്രി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനുമാണ് കതിര് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
ചടങ്ങില്‍ ജില്ലയിലെ മികച്ച കുട്ടികര്‍ഷകരായ അദാന്‍ അരുണ്‍, അഭിനവ് ആര്‍.സി, നവനിധി യു.ആര്‍, നവനാ. എല്‍, അനുഗ്രഹ എസ്. അരുണ്‍, ഭാഗ്യ ഡി. എന്നിവരെയും മികച്ച കര്‍ഷകരായ ഹരികേശന്‍ നായര്‍, സുജിത് എസ്.വി. എന്നിവരെയും ആദരിച്ച മന്ത്രി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫലവൃക്ഷതൈയും പച്ചക്കറി വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു. ഗതാഗത മന്ത്രി സി.പി. ജോണ്‍ വിശിഷ്ടാതിഥിയായി. കാര്‍ഷികോല്‍പാദന കമീഷണര്‍ ടിങ്കു ബിസ്വാള്‍, കൃഷി അഡിഷണല്‍ ഡയറക്ടര്‍ എസ്. സപ്ന എന്നിവർ സംസാരിച്ചു. കൃഷി അഡീഷനല്‍ ഡയറക്ടര്‍ എസ്. സിന്ധു, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ സജി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.