ക്യൂബൻ അംബാസഡർ അലജാന്ദ്രോ സിമൻകാസ് മാരിനുമായി സ്പീക്കർ സംഭാഷണം നടത്തി

കോഴിക്കോട് : ഇന്ത്യയിലെ ക്യൂബൻ അംബാസഡർ അലജാന്ദ്രോ സിമൻകാസ് മാരിനുമായി സ്പീക്കർ എം.ബി രാജേഷ് സംഭാഷണം നടത്തി. സ്പീക്കറുടെ ചേമ്പറിലെത്തിയ ക്യൂബൻ അംബാസഡറെ പൊന്നാട അണിയിച്ച ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.

പല കാര്യങ്ങളിലും ക്യൂബയും കേരളവും തമ്മിലുള്ള സമാനതകൾ സംഭാഷണത്തിൽ കടന്നുവന്നു. ക്യൂബൻ വിപ്ലവം, ഫിദൽ കാസ്ട്രോ, ചെ ഗുവേര തുടങ്ങിയ വിപ്ലവകാരികളായ നേതാക്കളുടെ സവിശേഷതകളും സംഭാവനകളും പരാമർശമായി.

ക്യൂബൻ സന്ദർശനത്തിനിടയിൽ ഫിദലിന്റെ അഞ്ച് മണിക്കൂർ പ്രസംഗം കേൾക്കാൻ കഴിഞ്ഞത് സ്പീക്കർ അനുസ്മരിച്ചു. ലാറ്റിനമേരിക്കൻ നേതാക്കൾ, സാഹിത്യ-സാംസ്കാകാരിക- സ്പോർട്ട്സ് രംഗത്തെ അതികായർ എന്നിവരെക്കുറിച്ചെല്ലാം സംസാരിച്ചു.

കോവിഡ് മഹാമാരിയെ ക്യൂബ നേരിട്ടത് പ്രാഥമികാരോഗ്യ തലത്തിലെ മികച്ച പ്രവർത്തനം കൊണ്ടാണെന്ന് അംബാസഡർ പറഞ്ഞു. ആരോഗ്യ പ്രവർത്തകർ പ്രാരംഭ ഘട്ടത്തിൽ തന്നെ ഓരോ വീട്ടിലും പല തവണ കയറിയിറങ്ങി സാഹചര്യങ്ങൾ ശരിക്ക് മനസ്സിലാക്കുകയും ആവശ്യമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തന്റെ വീട്ടിൽ അടിക്കടി വന്ന് ആരോഗ്യ പ്രവർത്തകർ വന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞത് അദ്ദേഹം അനുസ്മരിച്ചു.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും മറ്റ് മനുഷ്യവികസന മേഖലകളിലും കേരളം നേടിയ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക സവിശേഷതകളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. സ്പോർട്ട്സ് രംഗത്ത് മികച്ച നേട്ടം കൈവരിച്ച ക്യൂബക്ക് ആ രംഗത്ത് പ്രത്യേക പരിശീലനം കേരളത്തിന് നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ക്യൂബ കാത്തിരിക്കുന്നുവെന്നും അറിയിച്ചു.

മന്ത്രി കെ.രാജൻ, രമേശ് ചെന്നിത്തല, മുൻ സ്പീക്കർ എം.വിജയകുമാർ, മുൻ എം.പി പി. കെ. ബിജു, സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ഓഫീസർ വേണു രാജാമണി എന്നിവരും പങ്സകെടുത്തു. സ്പീക്കർ അദ്ദേഹത്തിന് ഉച്ചവിരുന്നും നൽകി.

Tags:    
News Summary - The speaker interacted with Cuban Ambassador Alejandro Simancas Marin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.