ആലുവ: ശിശുദിനാഘോഷത്തിൽ കുരുന്നുകളുടെ കളിചിരികളാൽ നിറയേണ്ടിയിരുന്ന വിദ്യാലയത്തിൽ രാവിലെ മുതൽ മൂകത തളംകെട്ടി നിന്നു. അധ്യാപകരും മുതിർന്ന കുട്ടികളും ആഘോഷങ്ങൾ മറന്ന് മനസ്സുകൊണ്ട് പ്രാർഥനയിൽ മുഴുകി. തങ്ങളുടെ പ്രിയ വിദ്യാർഥിയെ പിച്ചിച്ചീന്തിയ ക്രൂരനായ പ്രതിക്ക് തൂക്കുകയർ തന്നെ ലഭിക്കണമെന്നായിരുന്നു അധ്യാപകരുടെ പ്രാർഥന. അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അസ്ഫാക് ആലമെന്ന കൊടുംകുറ്റവാളിക്ക് വധശിക്ഷ വിധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ അധ്യാപകരുടെ മുഖത്ത് ആശ്വാസം.
മൂന്നു മാസം മുമ്പ് നടന്ന സമാനതകളില്ലാത്ത ക്രൂരതയുടെ ഞെട്ടലിൽനിന്ന് അധ്യാപകരും സഹപാഠികളും ഇനിയും മോചിതരായിട്ടില്ല. ബാലിക പഠിച്ച തായിക്കാട്ടുകരയിലെ എൽ.പി സ്കൂൾ ശിശുദിനാഘോഷം മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. പ്രതിക്കുള്ള ശിക്ഷ ശിശുദിനത്തിൽ വിധിക്കുമെന്ന് കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ആഘോഷങ്ങൾ മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് പ്രധാനാധ്യാപിക ജാസ്മിൻ പറഞ്ഞു.
വിധിയിൽ സന്തോഷിക്കുന്നതായി അവരും കുട്ടിയുടെ ക്ലാസ് ടീച്ചറും പറഞ്ഞു. ഈ വർഷമാണ് ബാലിക ഈ സ്കൂളിൽ പഠിക്കാനെത്തിയത്. ഏവരോടും ചിരിച്ച് കളിച്ച് തുള്ളിച്ചാടി നടന്നിരുന്ന പെൺകുട്ടി എല്ലാവരുടേയും സ്നേഹവും ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. മറ്റ് അന്തർ സംസ്ഥാന വിദ്യാർഥികളിൽനിന്ന് വ്യത്യസ്തമായി അവൾ നന്നായി മലയാളം സംസാരിക്കുമായിരുന്നു. അതിനൊപ്പം പഠനത്തിലും താല്പര്യം കാണിച്ചിരുന്നതിനാൽ അധ്യാപകർക്ക് പ്രിയപ്പെട്ടവളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.