representational image

സ്കൂൾ കലോത്സവവും കായികമേളയും തിരിച്ചുവരുന്നു

തിരുവനന്തപുരം: കോവിഡ് ഭീതി നീങ്ങിയതോടെ സംസ്ഥാനത്തെ സ്കൂളുകളിൽ കലാകായിക മേളകൾ തിരിച്ചുവരുന്നു. രണ്ടുവർഷം നടത്താതിരുന്ന സംസ്ഥാന സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രോത്സവം എന്നിവ ഈ അധ്യയന വർഷം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കലോത്സവത്തി‍െൻറ നടത്തിപ്പിന് 6.7 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു.

സൗജന്യ സ്‌കൂൾ യൂനിഫോമിന് 140 കോടിയാണ് അനുവദിച്ചത്. ഇവ ഉൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾക്കായി 312.88 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്ഥാപനങ്ങൾക്കുള്ള ധനസഹായം 288 സ്‌കൂളുകൾക്ക് അനുവദിച്ചു.

ഇ-ഗവേണൻസിന് 15 കോടി രൂപ അനുവദിച്ചു. ഹയർ സെക്കൻഡറി ലാബ് നവീകരണത്തിന് 10 കോടിയും ലാബ് ഉപകരണങ്ങൾ, ഫർണിചർ, ലൈബ്രറി പുസ്തകങ്ങൾ എന്നിവക്ക് ഒമ്പത് കോടിയും അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ 7.45 കോടിയും രൂപയും അനുവദിച്ചു.

മോഡൽ ഇൻക്ലൂസീവ് സ്‌കൂൾ, പ്രത്യേക വൈകല്യമുള്ളവരെ ഉൾക്കൊള്ളുന്ന മാതൃക കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തൽ എന്നിവക്ക് അഞ്ച് കോടിയും വി.എച്ച്.എസ്.ഇയുടെ പ്രവർത്തനങ്ങൾക്ക് ഏഴ് കോടിയും ഹയർ സെക്കൻഡറി വിദ്യാർഥി കേന്ദ്രീകൃത പരിപാടിക്ക് 7.75 കോടിയും അനുവദിച്ചിട്ടുണ്ട്.

സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ മൂന്നുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള 'ശ്രദ്ധ' പദ്ധതിക്ക് 1.8 കോടിയും സ്‌കൂൾ വിദ്യാഭ്യാസം ആധുനികവത്കരണത്തിന് 1.2 കോടിയും അധ്യാപക രക്ഷാകർതൃ സമിതികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾക്കായി (പി.ടി.എ) 90 ലക്ഷവും ഗ്രീൻ ഓഫീസ്, സ്മാർട്ട് ഓഫിസ്, ഓഫിസുകളെ ഹരിതവത്കരിക്കൽ, ഉദ്യാനങ്ങൾ മനോഹരമാക്കൽ, മാലിന്യനിർമാർജനം എന്നിവക്ക് 50 ലക്ഷവും വായനശീലം വളർത്തുന്നതിന് 50 ലക്ഷവും അനുവദിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി ആകെ 44 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - The school arts festival and sports festival are back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.