ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പുനഃപരിശോധിക്കാൻ കേന്ദ്ര ജലശക്തി മന്ത്രാലയം തീരുമാനിച്ചു. 2021ലെ അണക്കെട്ട് സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സുരക്ഷാ പരിശോധനക്കുള്ള പരിഗണനാ വിഷയങ്ങൾ തയാറാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പത്ത് വർഷം മുമ്പുണ്ടാക്കിയ മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ട് അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങൾ പരിശോധിക്കാൻ പുതിയ സമിതിയുണ്ടാക്കി ഇക്കഴിഞ്ഞ നവംബർ 21ന് പുറത്തിറക്കിയ ‘ഓഫിസ് മെമോറാണ്ട’ത്തിലാണ് മന്ത്രാലയം തീരുമാനം അറിയിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാവിഷയങ്ങള്‍ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്ക് കൈമാറാൻ തീരുമാനിച്ചശേഷമാണ് വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് അതോറിറ്റി ചെയർമാൻ അധ്യക്ഷനായി പുതിയ മേൽനോട്ട സമിതി തന്നെയുണ്ടാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ മേൽനോട്ട സമിതിയുമായി സഹകരിക്കാൻ കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രം ആവശ്യപ്പെട്ടു. ഏഴംഗ മേല്‍നോട്ട സമിതിയില്‍ കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറിമാരും തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാനും കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പ് ചെയര്‍മാനും അംഗങ്ങളായിരിക്കും. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്സലന്സിൽനിന്ന് ഒരു വിദഗ്ധനും സമിതിയിലുണ്ടാകും.
ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (എൻ.ഡി.എസ്.എ) നിലവിൽ വരുന്നതുവരെ മേൽനോട്ട സമിതി തുടരട്ടെ എന്ന് 2022 ഏപ്രിൽ എട്ടിന് പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം ‘ഓഫിസ് മെമോറാണ്ട’ത്തിൽ ചൂണ്ടിക്കാട്ടി. തെക്കു പടിഞ്ഞാറൻ കാലവർഷം അവസാനിക്കുന്ന സമയത്ത് കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുന്നതരത്തിൽ മേൽനോട്ട സമിതി പിരിച്ചുവിട്ട് എൻ.ഡി.എസ്.എക്ക് മേൽനോട്ട ചുമതല കൈമാറുമെന്ന് സുപ്രീംകോടതിയെ തങ്ങൾ അറിയിച്ചതുമാണ്. അതുകൊണ്ടാണ് 2024 ഒക്ടോബർ ഒന്നിനുണ്ടാക്കിയ മേൽനോട്ടസമിതി പിരിച്ചുവിടുന്നത്.
സമിതി പിരിച്ചുവിട്ടശേഷം സുപ്രീംകോടതിയെ അറിയിച്ചതുപോലെ മേൽനോട്ട സമിതിയുടെ ഉത്തരവാദിത്തം നിർവഹിക്കേണ്ടത് എൻ.ഡി.എസ്.എ ആണെന്നും എന്നിരുന്നാലും മുല്ലപ്പെരിയാറിന്റെ സുരക്ഷാ പ്രാധാന്യം പരിഗണിച്ച് തങ്ങൾ എൻ.ഡി.എസ്.എ ചെയർമാനായി പുതിയ മേൽനോട്ടസമിതി തന്നെയുണ്ടാക്കുകയാണെന്നും ജലശക്തി മന്ത്രാലയം തുടർന്നു.
പുതിയ മേൽനോട്ട സമിതിക്കുള്ള മാർഗനിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.