തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിലെ മഞ്ഞുരുക്കം നിയസഭയിലെ ഭരണപക്ഷ ചർച്ചയിലും പ്രതിഫലിച്ചു. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയുടെ ആദ്യദിനം ഗവർണർക്കെതിരെ ഭരണപക്ഷം ഒന്നും പറഞ്ഞില്ല. അതേസമയം, ഗവർണറെ ചാരി സർക്കാറിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷം, സർക്കാറും ഗവർണറും തമ്മിൽ ഭായി ഭായി ആയെന്ന് കുറ്റപ്പെടുത്തി. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരെ ശക്തമായ വിമർശനം ഇല്ലാതിരുന്നത് അതിന്‍റെ ഭാഗമാണെന്നും യു.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പ്രതിരോധത്തിലായ ഭരണപക്ഷം, ഗവർണറുമായി ഒത്തുതീർപ്പില്ലെന്നും ബി.ജെ.പിയെ ശക്തമായി എതിർക്കുന്നത് തങ്ങളാണെന്നും വിശദീകരിക്കാനാണ് ഏറെ സമയം വിനിയോഗിച്ചത്. നന്ദിപ്രമേയം അവതരിപ്പിച്ച് സംസാരിച്ച സി.പി.എമ്മിലെ എ.സി. മൊയ്തീൻ ബി.ബി.സി ഡോക്യുമെന്‍ററി വിഷയത്തിൽ എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയുടെ നിലപാട് ഉദ്ധരിച്ച് കോൺഗ്രസിനെ കടന്നാക്രമിച്ചു.
കോൺഗ്രസിന്‍റെ ബി.ജെ.പി വിരുദ്ധത പൊള്ളയാണെന്നും അവസരം കിട്ടിയാൽ മറുകണ്ടം ചാടാനിരിക്കുന്നവരാണ് എല്ലാവരുമെന്നും മൊയ്തീൻ പറഞ്ഞു. ഗവർണർക്കും മോദിക്കും മുന്നിൽ കീഴടങ്ങിയത് പിണറായി വിജയനാണെന്നും മൂന്നാംമുന്നണിയുണ്ടാക്കാൻ ഹൈദരാബാദിൽ ചന്ദ്രശേഖര റാവുവിന്‍റെ റാലിക്ക് പോയ മുഖ്യമന്ത്രി ബി.ജെ.പിക്കുവേണ്ടിയാണ് പണിയെടുക്കുന്നതെന്നും മുസ്ലിം ലീഗിലെ എൻ. ഷംസുദ്ദീൻ പറഞ്ഞു. പിണറായി വിജയന് മോദിയെ എതിർക്കാൻ കെൽപില്ലെന്നും രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽനിന്ന് സീതാറാം യെച്ചൂരിയെ വിലക്കിയത് പിണറായിയാണെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ പരിശ്രമത്തെ സ്വാഗതംചെയ്യുന്നെന്നും എന്നാൽ, ജോഡോ യാത്ര നടക്കുമ്പോൾപോലും കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് കാലുമാറിയെന്നുമായിരുന്നു സി.പി.എമ്മിലെ പി.പി. ചിത്തരഞ്ജന്‍റെ തിരിച്ചടി.
പിണറായി സർക്കാറിന്‍റെ കാലത്ത് കേരളം പലകാര്യങ്ങളിലും രാജ്യത്ത് ഒന്നാമതെത്തിയെന്ന് ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയവർ പറഞ്ഞു.
ലഹരി വ്യാപനം, പൊലീസിലെ ക്രമിനലുകൾ തുടങ്ങിയ ഭരണപരാജയത്തിന്‍റെ ചിത്രങ്ങൾ മാത്രമാണ് മുന്നിലുള്ളതെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ, കുറുക്കോളി മൊയ്തീൻ തുടങ്ങിയവരുടെ വിർമശനം. നന്ദിപ്രമേയത്തിന്മേലുള്ള ചർച്ച വ്യാഴാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.