തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. പുതിയ കേരളത്തിന്‍റെ ഉദയമാണിതെന്നും നമ്മുടെ സങ്കൽപത്തിലുള്ള നവകേരളത്തിന്‍റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിതെന്നും തിരുവനന്തപുരത്ത് സംഘടിപ്പിച്ച അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നടൻ മമ്മൂട്ടി ചടങ്ങിൽ മുഖ്യാതിഥിയായി. എട്ടുമാസത്തിന് ശേഷമാണ് മമ്മൂട്ടി പൊതുചടങ്ങിൽ പങ്കെടുത്തത്.
അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നിൽ നാം ഇന്ന് ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐക്യ കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനമാണ് ഇന്ന്. അതിദാരിദ്ര്യത്തെ നാടിന്റെ ആകെ സഹകരണത്തോടെയാണ് ചെറുത്തുതോൽപ്പിച്ചത്. 64,006 കുടുംബങ്ങളിൽ വിവിധ ഘട്ടങ്ങളിലായി 64,005 കുടുംബങ്ങൾ അതിദാരിദ്ര്യമുക്തമായിരുന്നു. എന്നാൽ, ഒരു കുടുംബമാണ് ബാക്കിയുണ്ടായിരുന്നത്. അതിന് സാങ്കേതിക പ്രശ്നമുണ്ടായിരുന്നു. ആ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി മന്ത്രിസഭയുടെ മുമ്പിൽ വന്നു. ആ പ്രശ്നവും പരിഹരിച്ചു. അതോടെ തയാറാക്കിയ വെബ്സൈറ്റിൽ ബാക്കിയുണ്ടായിരുന്ന അതിദാരിദ്രരുടെ പട്ടികയിൽ ഒന്ന് എന്ന സ്ഥാനത്ത് പൂജ്യം എന്നായി. ഞങ്ങളെല്ലാം കണ്ടുനിൽക്കെ 64,006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായി -മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനത്തിൽ ഫണ്ട് വക മാറ്റലും പരിപാടിക്ക് ആളെക്കൂട്ടാൻ തദ്ദേശ സെക്രട്ടറിമാർക്ക് നോട്ടീസും. പാവപ്പെട്ടവർക്ക് വീട് നിർമിക്കുന്നതിന് മാറ്റി വെച്ചിരുന്ന ഫണ്ടിൽ നിന്നാണ് പ്രഖ്യാപന സമ്മേളനം നടത്തുന്നത്. ഒന്നരക്കോടി രൂപയാണ് പരിപാടിക്ക് വേണ്ടി ചെലവാക്കുന്നത്. തിരുവനന്തപുരം ജില്ലയിലുള്ളവർക്കാണ് നോട്ടീസ് ലഭിച്ചത്.
ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം സഭയിൽ നടത്തി. 28 മിനിട്ട് നീണ്ട പ്രസംഗത്തിൽ അതിദാരിദ്ര്യ മുക്ത കേരളത്തിലേക്കുള്ള സംസ്ഥാനത്തിന്‍റെ പ്രയാണവും വഴിയടയാളങ്ങളും മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. അതിദാരിദ്ര്യമുക്ത പദവി നിലനിർത്തുന്നതിന് ജാഗ്രത തുടരുമെന്നും മുക്തരായവർ ആരും അതിദാരിദ്ര്യത്തിലേക്ക് വീഴാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിദാരിദ്ര്യം വീണ്ടും തലപൊക്കുന്നില്ലെന്ന് ഉറപ്പാക്കും. ഇതിനായി വിവിധ തല പ്രവര്‍ത്തന രൂപരേഖ തയാറാക്കിയിട്ടുണ്ട്. 1975ൽ ഏറ്റവും കൂടുതല്‍ പേർ ദാരിദ്ര്യരേഖക്ക് താഴെയുള്ള സംസ്ഥാനമായിരുന്നു കേരളം. അവിടെ നിന്നാണ് അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ ഇന്ത്യന്‍ സംസ്ഥാനമായത്. കേരളം പല ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പരീക്ഷണശാലയാണ്. അതിദാരിദ്ര്യ നിർമാർജനത്തിന്‍റെ കാര്യത്തിലും, പരീക്ഷണങ്ങള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. ഇത് അവസാനമല്ല, പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാറിന്‍റെ വാദം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്കരിച്ചു. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് പേര് കേരളത്തിലുണ്ടായിരിക്കെ ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് പട്ടികയുണ്ടാക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. തട്ടിപ്പാരോപണങ്ങൾ പ്രതിപക്ഷത്തിന്‍റെ ശീലമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഗുണഭോക്താക്കളെ കണ്ടെത്തൽ: തദ്ദേശ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘കില’ യുടെ നേതൃത്വത്തിൽ നിയമസഭാംഗങ്ങൾ, തദ്ദേശ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സമിതികളാണ് അതിദരിദ്രരെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.