സർവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധിക ജീവനക്കാരെ തിരിച്ചയക്കണമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കേരള സർവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫീസ് പ്രവർത്തനത്തിന് വേണ്ട ജീവനക്കാരെ നിലനിർത്തി ബാക്കിയുള്ള ഫാക്കൽറ്റിമാരെ സ്ഥാപനത്തിൽ നിന്നും ലാവണ കാര്യാലയങ്ങളിലേക്ക് മടക്കി അയക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. സർവേയും ഭൂരേഖയും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനത്തിൽ ചട്ടവിരുദ്ധമായി ജോലിക്രമീകരണ വ്യവസ്ഥയിൽ ജീവനക്കാർ തൊഴിൽ ചെയ്യുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. അന്യജില്ലകളിൽ ജോലി ചെയ്യുന്ന സംഘടന നേതാക്കൾ അടക്കമുള്ള ജീവനക്കാർ തലസ്ഥാന നഗരിയിൽ തൊഴിൽ ക്രമീകരണ വ്യവസ്ഥയിൽ ജോലി ചെയ്യുവെന്നായിരുന്നു പരാതി. അവർ സ്ഥാപനത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ധനകാര്യ വിഭാഗം ഇൻസ്റ്റിറ്റ്യൂട്ടിൽ 2022 സെപ്റ്റംബർ, ഒക്ടോബർ, 2023 സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ ട്രെയിനിങ് നടന്നിട്ടില്ല. 2021-22 സാമ്പത്തിക വർഷം വളരെ പരിമിതമായ ട്രെയിനിങ്ങുകൾ മാത്രമാണ് നടത്തിയത്. അതിന് എട്ട് ഫാക്കൽറ്റിമാർ ജോലി ക്രമീകരണ വ്യവസ്ഥയിൽ സ്ഥാപനത്തിൽ തുടരേണ്ട ആവശ്യം ഇല്ല. 2022ലെ ഉത്തരവിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം നൽകിയിരുന്നു. പിന്നീട് സർക്കുലർ പ്രകാരം കൂടുതൽ നിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഇതൊന്നും സ്ഥാപനം പാലിക്കുന്നില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

അതിനാൽ, കോഴ്സ് നടത്തുന്ന കാലയളവിൽ വേണ്ട ഫാക്കൽറ്റിമാരെ ട്രെയിനിങ്ങിന്റെ കാലയളവിനനുസരിച്ച് ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമിക്കണം. ട്രെയിനിങ് തീരുന്ന മുറക്ക് ലാവണ കാര്യാലത്തിലേക്ക് മടക്കി അയക്കുകയും ചെയ്യണം. ഇതിന് വേണ്ട നിർദേശങ്ങൾ ഭരണ വകുപ്പ് സർവേ ഡയറക്ടർക്ക് നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

അമ്പലമുക്ക് എസ്.ബി.ഐ ശാഖയിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള 1,05,40,208 രൂപ അടിയന്തിരമായി സർവേ വകുപ്പിന്റെ റസീപ്റ്റ് ഹെഡിൽ അടക്കണം. സർക്കാരിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് സമാഹരിക്കുന്ന തുക, സ്വന്തം ഫണ്ടായി ബാങ്കിൽ സൂക്ഷിക്കുന്നത് ന്യായീകരിക്കാനാവില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർ എല്ലാവരും ജോലി ക്രമീകരണ വ്യവസ്ഥയിൽ തുടരുന്നവരായതിനാൽ ശമ്പളം അടക്കമുള്ള ചെലവെല്ലാം സർവേ വകുപ്പാണ് വഹിക്കുന്നത്. ഇതിനു പുറമെ സ്ഥാപനത്തിന്റെ ഒരു വർഷത്തെ ശരാശരി ചെലവ് പത്ത് ലക്ഷം രൂപയിൽ താഴെ മാത്രമാണ്. അതിനാൽ സ്ഥാപനത്തിന്റെ ചെലവുകൾക്കുള്ള തുക അനുവദിക്കാൻ സർവേ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകണം.

ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന വിവിധ ട്രെയിനിങ്ങുകൾക്കായി പ്രൈവറ്റ് പരിശീലനാർഥികളിൽ നിന്നും ട്രെയിനിങ്, ആപ്ലിക്കേഷൻ ഫീസ് ഇനത്തിൽ നിന്നും ലഭിക്കുന്ന തുകകൾ ഉൾപ്പടെയുള്ള മുഴുവൻ വരുമാനവും അതാതു മാസം തന്നെ സർവേ വകുപ്പിന്റെ റസീപ്റ്റ് ഹെഡിൽ അടക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന പ്രവർത്തനത്തിനാവശ്യമായ തുക (നിലവിൽ ശരാശരി പ്രതിവർഷം പത്ത് ലക്ഷം രൂപയിൽ താഴെ മാത്രം) സർവേ ഡയറക്ടർ മുഖേന അനുവദിക്കുന്നതിനായി ഭരണ വകുപ്പ് ധനകാര്യ വകുപ്പ് മുഖേന ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നുമാണ് റിപ്പോർട്ടിലെ ശിപാർശ. 

Tags:    
News Summary - The report said that the additional staff of the Survey Training Institute should be sent back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.