സി.പി.എമ്മിന് പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാട് -കെ. സുരേന്ദ്രൻ

കോഴിക്കോട്: സി.പി.എമ്മിനും കോടിയേരി ബാലകൃഷ്ണനും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് ഭീകരതക്കെതിരെ ആർ.എസ്.എസ് ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നതിനെ കോടിയേരി എതിർക്കുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മതത്തിന്‍റെ പേരിൽ ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമം. ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതക കേസുകളിലെ പ്രതികളെ പൊലീസ് പിടിക്കാത്തതിന് കാരണം സർക്കാറിന്‍റെ മതപ്രീണനമാണ്. കേരളത്തിൽ ക്രമസമാധാന നില പൂർണമായും തകർന്നു. പാർട്ടി സമ്മേളനങ്ങളിലെല്ലാം പൊലീസിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഇത് മറച്ച് പിടിക്കാനാണ് കോടിയേരി ആർ.എസ്.എസിനെ വിമർശിക്കുന്നത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പ്രകടനം നടത്താൻ പാടില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ഇത് പാകിസ്താനൊന്നുമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പിക്കെതിരായ ബദൽ ഉണ്ടാക്കുന്നതിലെ സി.പി.എം-സി.പി.ഐ തർക്കം നിരാശ കാമുകൻമാരുടെ വിലാപം മാത്രമാണ്. കോൺഗ്രസും ഇടതുപക്ഷവും ഒന്നിച്ചാലും മോദിയെ തോൽപ്പിക്കാനാവില്ല. കെ റെയിലിനെതിരായ സമരം ബി.ജെ.പി ശക്തിപ്പെടുത്തും. നാല് ലക്ഷം രൂപ അധികം നഷ്ടപരിഹാരം നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാലര ലക്ഷം രൂപയ്ക്ക് ഒരു മന്ത്രി ശൗചാലയം നിർമിച്ച നാട്ടിലാണ് വീടും സ്ഥലവും പോകുന്നവർക്ക് നാല് ലക്ഷം അധികം കൊടുക്കുമെന്ന് പറയുന്നത്.

കെ-റെയിൽ വിരുദ്ധ സമരക്കാരെ മുഴുവൻ യോജിപ്പിച്ച് ബി.ജെ.പി പ്രക്ഷോഭം നടത്തും. ഇ. ശ്രീധരൻ ഉൾപ്പെടെയുള്ളവർ പറഞ്ഞ ബദൽ നിർദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയാറാവണം. കേരളത്തെ വെട്ടിമുറിച്ച് പരിസ്ഥിതിയെ തകർക്കുന്ന നടപടി അനുവദിക്കില്ല. എം. ശിവശങ്കരൻ സർവിസിൽ തിരിച്ചെത്തുന്നതോടെ സ്വർണ ക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് വ്യക്തമായിരിക്കുകയാണ്. കേസ് കോടതിയിൽ നടക്കുമ്പോൾ ശിവശങ്കരനെ തിരിച്ചെടുക്കുന്നത് ശരിയല്ല. അന്വേഷിച്ച ഏജൻസികളെല്ലാം ശിവശങ്കരന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നാണ് പറയുന്നത്.

എന്നിട്ടും അദ്ദേഹത്തെ സർവിസിൽ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം കേസിൽ അദ്ദേഹത്തിന്‍റെ താൽപര്യം വ്യക്തമാക്കുന്നു. മുസ്​ലിംകൾ മറ്റുമതക്കാരെ വിവാഹം ചെയ്യരുതെന്ന പി.എം.എ. സലാമിന്‍റെ പ്രസ്താവന ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകളുമായി മുസ്ലിം ലീഗിന് ഒരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്നു. ഇടതുപക്ഷത്തായാലും വലത് പക്ഷത്തായാലും മുസ്ലിം മതമൗലികവാദികൾക്ക് ഒരേ നിലപാടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - The position of the CPM in favor of the Popular Front -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.