അറസ്റ്റിലായ പ്രതി സുധീഷ്
പൊലീസ് ജീപ്പിൽ
ചെറുതോണി: ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ നേരം വെളുക്കും മുമ്പേ പിടികൂടാനായത് പൊലീസിന് നേട്ടമായി. വാത്തിക്കുടി സ്വദേശി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (58) കൊല്ലപ്പെട്ട സംഭവത്തിൽ മകളുടെ ഭർത്താവ് പണിക്കൻകുടി കുന്നുംപുറത്ത് സുധീഷിനെ (33) തന്ത്രപരമായ നീക്കത്തിലൂടെയാണ് മണിക്കൂറുകൾക്കകം പൊലീസ് വലയിലാക്കിയത്.
ഇടുക്കി ഡിവൈ.എസ്.പി ബിനു ശ്രീധറിന്റെ മേൽനോട്ടത്തിൽ മുരിക്കാശ്ശേരി എസ്.എച്ച്.ഒ എൻ.എസ്. റോയ്, എസ്.ഐ സി.ടി. ജിജി, എ.എസ്.ഐ ജോർജ്കുട്ടി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ. അനീഷ്, ശ്രീജിത് ശ്രീകുമാർ, അനീഷ് എസ്. മനയത്ത്, മാത്യു തോമസ് എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തിരച്ചിൽ ആരംഭിച്ചിരുന്നു.
പ്രതി സ്വന്തം വീട്ടിലേക്കാണ് പോയതെന്ന് സൂചന കിട്ടിയതോടെ പൊലീസ് പണിക്കൻകുടിക്ക് തിരിച്ചു. ഇതിനിടെ, പ്രതി ജില്ല വിട്ടുപോകാതിരിക്കാനുള്ള മുൻകരുതലും സ്വീകരിച്ചിരുന്നു. പൊലീസ് എത്തുമ്പോൾ സുധീഷ് വസ്ത്രങ്ങളെല്ലാം ബാഗിലാക്കി കടക്കാനുള്ള തയാറെടുപ്പിലായിരുന്നു.
പൊലീസ് സംഘത്തെ കണ്ടപ്പോൾ ഇയാൾ താമസിക്കുന്ന തിങ്കൾക്കാട്ടിലുള്ള വീടിന്റെ പുറകുവശത്തെ വഴിയിലൂടെ കാറ്റാടിപ്പാറ എന്ന സ്ഥലത്തെ ചെങ്കുത്തായ പാറക്കൂട്ടങ്ങൾ നിറഞ്ഞ സ്ഥലത്ത് പോയി ഒളിച്ചു. തുടർന്ന്, പൊലീസ് സംഘം നാലു വശത്തുനിന്നും വളഞ്ഞ് സാഹസികമായി കീഴടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.