വീണ്ടും വഴിമുടക്കി വിമാനം; ചവറ പാലത്തിന് പുറമെ ആന്ധ്രയിലെ മേൽപാലത്തിലും കുടുങ്ങി

അമരാവതി: തിരുവനന്തപുരത്തുനിന്ന് റോഡ് മാർഗം കൊണ്ടുപോയ വിമാനം ആന്ധ്രപ്രദേശിൽ മോൽപാലത്തിന് താഴെ കുടുങ്ങി. ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ ബാപാട്‌ലയിലെ കൊറിസപാട് മേൽപാലത്തിന് താഴെയാണ് കുടുങ്ങിയത്. ഇതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

ഹൈദരാബാദിലെ ഭക്ഷ്യശൃംഖലയായ 'പിസ്ത ഹൗസ്' ഉടമ ശിവശങ്കർ ആണ് ഉപയോഗശൂന്യമായ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലേലത്തിൽ സ്വന്തമാക്കിയത്. 75 ലക്ഷം രൂപക്ക് സ്വന്തമാക്കിയ വിമാനം റസ്റ്ററന്റ് ആക്കി മാറ്റുകയാണ് ലക്ഷ്യം. 30 വർഷം മുമ്പ് സർവിസിലുണ്ടായിരുന്ന വിമാനമാണിത്. കഴിഞ്ഞയാഴ്ചയാണ് വിവിധ ഭാഗങ്ങളായി വിമാനം നാല് ട്രെയിലറുകളിലായി ദേശീയപാത വഴി കൊണ്ടുപോയത്.

ഇതിനിടെ, കൊല്ലം ചവറ പാലത്തിൽ വിമാനം കുടുങ്ങിയിരുന്നു. ട്രെയിലറിൽ പുറപ്പെട്ട വിമാനത്തിന്റെ ഭാഗം പാലത്തിൽ തട്ടിനിൽക്കുകയായിരുന്നു. ഇവിടെയും മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സംഭവമറിഞ്ഞ് ആളുകൾ കാണാനെത്തിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പൊലീസ് പാടുപെട്ടു. തുടർന്ന് ട്രെയിലറിന്റെ ടയറുകളുടെ കാറ്റഴിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്.

ആന്ധ്രയിലും വിമാനം കുടുങ്ങിയയതറിഞ്ഞ് നിരവധി പേർ തടിച്ചുകൂടിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പാലത്തിനും വിമാനത്തിനും കേടുപാടില്ലാതെ പുറത്തിറക്കാനായെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - The plane that got stuck on the Chavara bridge also got stuck on the flyover in Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.