ഇരിക്കൂർ : ഇരിക്കൂറിലെ മത സാമൂഹിക മേഖലകളിലെ നിറസാന്നിധ്യവും എസ്.കെ.എസ്.എസ്.എഫ് ഇരിക്കൂർ മേഖല വൈസ് പ്രസിഡന്റുമായിരുന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഹാഫിള് ഇസ്മായിൽ ഫൈസിയുടെ വിയോഗത്തിൽ നാട് തേങ്ങി.
സൗമ്യനും ശാന്തനും വിദ്യാർത്ഥികളുടെ ഇഷ്ടപ്പെട്ട ഉസ്താദുമായിരുന്നു ഇസ്മായിൽ ഫൈസി.ഇരിക്കൂർ നിടുവള്ളൂർ സ്വദേശിയായ ഇസ്മായിൽ ഫൈസി തൈലവളപ്പ് ജുമാമസ്ജിദ് ഖത്തീബായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴോടെ ചെക്കികുളം പള്ളിയത്ത് വെച്ച് ഇസ്മായിൽ ഫൈസി ഓടിച്ചിരുന്ന ബൈക്കും ഇരിക്കൂറിലേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ച് ഗുരുതരമായ പരിക്കുപറ്റി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം.
എട്ടുമാസം ഗർഭിണിയായ ഭാര്യയെ പറശ്ശിനികടവ് അമ്മയും കുഞ്ഞും ഹോസ്പിറ്റലിൽ കാണിച്ച് ഭാര്യവീടായ മട്ടന്നൂരിൽ എത്തിച്ച് വൈകുന്നേരത്തോടു കൂടി ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് ഈ അപകടം നടന്നത്. ഇസ്മായിൽ ഫൈസിക്ക് വേണ്ടി നാടൊന്നടങ്കം പ്രാർത്ഥനയിലായിരുന്നു. ഉപ്പയുടെ വരവും കാത്ത് ഉമ്മയുടെ അരികിൽ തളർന്നു കിടക്കുന്ന രണ്ട് വയസ്സുള്ള കുഞ്ഞിനെയും പിറന്നു വീഴാൻ ഉമ്മയുടെ ഉദരത്തിൽ തിരക്ക് കൂട്ടുന്ന പൈതലിനെ ഒരു നോക്ക് കാണാനും ഒരു ചുംബനം നൽകാനും കാത്തു നിൽക്കാതെ ഇസ്മായിൽ ഫൈസി യാത്രയായി. മാസങ്ങൾക്കു മുമ്പാണ് ഇരിക്കൂറിലെ വ്യാപാരിയും വി.വി.എം ആയുർവേദിക്കിന്റെ ഉടമയുമായ ഇരിക്കൂർ നിടുവള്ളൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ പിതാവ് മഹമൂദ് മുസ്ലിയാർ മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.