പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണം – ഐ.എൻ.എൽ

കോഴിക്കോട്: ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കോൾഡ് സ്​റ്റോറേജിൽ വെച്ച പൗരത്വ ഭേദഗതി നിയമം ( സി.എ.എ ) ഉടൻ നടപ്പാക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കെതിരെ മതേതര –ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഐ.എൻ.എൽ സംസ്​ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അപകടകരമായ ഈ നീക്കം ഗുരുതരമായ ഭവിഷ്യത്തുകൾ വിളിച്ചുവരുത്തുമെന്നുറപ്പാണ്. വർഗീയ ധ്രുവീകരണമാണ് മോദി സർക്കാരും സംഘ്പരിവാറും ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്​ടിക്കാനുള്ള ആർ.എസ്​.എസ്​ അജണ്ട ഉന്നംവെക്കുന്നത് മുസ്​ലിംകളെയാണ്. അതിർത്തി സംസ്​ഥാനങ്ങളായ അസമിലും പശ്ചിമ ബംഗാളിലും വലിയൊരു വിഭാഗം ജനത്തിന് വോട്ടവകാശം നിഷേധിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് പൗരത്വ പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഇതുവരെ രൂപീകരിക്കാൻ പോലും സമയം കണ്ടെത്താത്ത സർക്കാരാണ് ഒരാഴ്ചക്കകം സി.എ.എ നടപ്പാക്കുമെന്ന് പറഞ്ഞ് ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നത്. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ എല്ലാമായി എന്ന അഹന്തയിൽ പൗരത്വതുല്യത അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഐ.എൻ.എൽ നേതാക്കൾ പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - The move to implement the Citizenship Amendment Act should be unitedly resisted – I.N.L

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.