മനാമ: പ്രവാസഭൂമിയിൽ ഉറങ്ങുന്ന പ്രിയപ്പെട്ടവന്റെ കുഴിമാടം ഒരുനോക്കുകാണാൻ കടൽ കടന്ന് അവരെത്തി. കോവിഡ് മഹാമാരി തട്ടിയെടുത്ത പിതാവിന്റെ മൃതദേഹം കാണാനുള്ള ആഗ്രഹം മക്കൾക്കും പ്രിയതമക്കും സാധിച്ചിരുന്നില്ല. ഖബറിനരികിൽ പ്രാർഥനാനിരതമായിനിന്ന് ആ കുടുംബം ആ കടം നിറവേറ്റി. സാക്ഷികളായി കെ.എം.സി.സി ബഹ്റൈന്‍ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രവർത്തകരുമുണ്ടായിരുന്നു.
കോവിഡ് ബാധിച്ച് മരണമടഞ്ഞ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി ശംസുദ്ദീന്‍ ഓമാനൂരിന്റെ ഭാര്യയും രണ്ടു മക്കളും സഹോദരിയുമാണ് ഖബർ കാണണമെന്ന ആഗ്രഹം പ്രടിപ്പിച്ചത്. ആ ആഗ്രഹം സഫലമാക്കാനായി കെ.എം.സി.സി പ്രവർത്തകരൊന്നാകെ കൂട്ടുനിൽക്കുകയായിരുന്നു.
കോവിഡ് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്ന ശംസുദ്ദീന്‍ ഓമാനൂർ (ഫയൽചിത്രം)
യാത്രയുടേതടക്കം എല്ലാ ചെലവുകളും കമ്മിറ്റി വഹിച്ചു. ഡ്രൈവറായി പ്രവാസഭൂമിയിൽ ജോലി നോക്കിയിരുന്ന ശംസുദ്ദീന്‍ മരിക്കുമ്പോൾ 45 വയസ്സായിരുന്നു. ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയവും ശംസുദ്ദീനായിരുന്നു. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു ശംസുദ്ദീൻ. കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിലെല്ലാം ജോലി സമയം കഴിച്ച് സഹകരിക്കുന്ന സന്മനസ്സിനുടമ.
കോവിഡ് ബാധിച്ച രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനായി ഓടിനടക്കുകയായിരുന്ന ശംസുദ്ദീനാണ് സഹപ്രവർത്തകരുടെ ഓർമയിലുള്ളത്. ഏതു പ്രവർത്തനത്തിനും സദാ സന്നദ്ധനായി മുൻനിരയിലുണ്ടായിരുന്ന ചുറുചുറുക്കുള്ള യുവാവ്. തന്റെ സുരക്ഷ നോക്കാതെ മറ്റുള്ളവരെ സഹായിക്കാനായി ശംസുദ്ദീൻ നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ കോവിഡിനിരയാക്കിയത്.
2021 മേയ് അഞ്ചിനായിരുന്നു മരണം. കോവിഡ് പ്രോട്ടോക്കോള്‍ നിലനിന്നതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാന്‍ സാധിച്ചിരുന്നില്ല. പ്രിയപ്പെട്ടവനെ ഒരുനോക്കു കാണണമെന്ന ഭാര്യയുടേയും സമ്മാനങ്ങളുമായി അവധിക്കെത്തുമെന്ന് കരുതി കാത്തിരുന്ന മക്കൾക്കും അരികിലെത്തിയത് സങ്കടങ്ങളുടെ വാർത്തകൾ മാത്രമായിരുന്നു.
പക്ഷേ, പിതാവിനെ ഖബറടക്കിയ സ്ഥലമെങ്കിലും കാണണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു. അതറിഞ്ഞ കെ.എം.സി.സി ബഹ്റൈന്‍ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ആ ആഗ്രഹം നിറവേറ്റണമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ശംസുദ്ദീനെ ഖബറടക്കിയ ബുസൈത്തീന്‍ കാനു മസ്ജിദ് ഖബർസ്ഥാനില്‍ കുടുംബത്തെയെത്തിച്ച് ആ കടമ അവർ നിറവേറ്റി. പ്രാർഥനക്ക് സമസ്ത ബഹ്റൈൻ ഉപാധ്യക്ഷന്‍ സയ്യിദ് യാസിര്‍ ജിഫ്രി തങ്ങള്‍ നേതൃത്വം നൽകി. കെ.എം.സി.സി പ്രവർത്തകർക്ക് കുടുംബം ഹൃദയംഗമമായ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.