സംഘപരിവാറിന്‍റെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ശേഖരിക്കുന്ന കാര്യങ്ങളാണോ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജവഹർലാൽ നെഹ്റുവിനെ ചേർത്ത് ഗവർണർ പറഞ്ഞ കാര്യങ്ങളിലെ വസ്തുതാവിരുദ്ധത തുറന്നുകാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
1963 ല്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ ആര്‍.എസ്.എസിനെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നേരിട്ട് പങ്കെടുപ്പിച്ചുവെന്നാണ് തന്‍റെ ആര്‍.എസ്.എസ് ബന്ധം ന്യായീകരിക്കാന്‍ ഗവർണർ പറഞ്ഞ ഒരു വാദം. ഇത് വസ്തുതാപരമാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ആര്‍.എസ്.എസ് അത്തരത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ സൈന്യത്തിനൊപ്പം അണിനിരന്നിട്ടുണ്ടോ? 2018 ല്‍ ഇന്ത്യടുഡേ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ രേഖാമൂലമുള്ള മറുപടിയാണ് ഇതിനുള്ള ഉത്തരമെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ബി.ജെ.പി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയം തന്നെ പറയുന്നത്, ആര്‍.എസ്.എസ് അത്തരമൊരു റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തതിന്‍റെ രേഖകള്‍ ലഭ്യമല്ല എന്നാണ്. സംഘപരിവാറിന്‍റെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ശേഖരിക്കുന്നതാണോ ഇത്തരം കാര്യങ്ങളെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
ആര്‍.എസ്.എസിന്‍റെ സംഘടനാ ട്രെയിനിങ് പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പുകള്‍ (ഒ.ടി.സി.). ഒന്നും രണ്ടും മൂന്നും ഒടിസി കഴിഞ്ഞവരെയാണ് കേരളത്തിലെ പല കൊലപാതകക്കേസുകളിലും ശിക്ഷിച്ചിട്ടുള്ളത്. അത്തരം പരിശീലനം നടക്കുന്ന ഒ.ടി.സി യില്‍ ആറു തവണയോ മറ്റോ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കഴിഞ്ഞെന്ന് ഊറ്റം കൊള്ളുകയുണ്ടായി കഴിഞ്ഞദിവസം ഗവര്‍ണര്‍. എന്തിനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതില്‍ പരം തെളിവുകള്‍ വേണോയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.