ഉറക്കത്തിനിടയിൽ മാതാപിതാക്കൾക്കിടയിൽ കിടന്ന് ഞെരുങ്ങി അബദ്ധത്തിൽ നവജാത ശിശു മരിച്ചു

ലക്നോ: ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ കിടന്ന നവജാത ശിശു അബദ്ധത്തിൽ ഞെരുങ്ങി മരിച്ചു. 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഗജ്‌റൗളയിലാണ് ദാരുണ സംഭവം.

ശനിയാഴ്ചയാണ് സംഭവം നടന്നത്. സദ്ദാം അബ്ബാസിയുടെയും (26) ഭാര്യ അസ്മയുടെയും ഏകമകനായിരുന്നു സുഫിയാനാണ് മരിച്ചത്. നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. കുഞ്ഞിനെ തങ്ങൾക്കിടയിൽ കിടത്തിയ ശേഷം മാതാപിതാക്കൾ ഉറങ്ങാൻ കിടന്നു. രാവിലെ എഴുന്നേറ്റ് മാതാവ് കുഞ്ഞിന് പാൽ കൊടുക്കാനായി നോക്കിയപ്പോൾ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. ഉടൻതന്നെ സദ്ദാം ഗജ്റൗള കമ്യൂണിറ്റി സെന്‍ററിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. രാത്രിയിൽ ഉറക്കത്തിൽ മാതാപിതാക്കൾ അറിയാതെ തിരിഞ്ഞു കിടന്നപ്പോൾ, കുഞ്ഞ് അവർക്കിടയിൽപ്പെട്ട് പോവുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞത്.

പിന്നാലെ ആശുപത്രി പരിസരത്ത് വെച്ച് തന്നെ ഇരുവരും പരസ്പരം കുറ്റപ്പെടുത്തി സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ പൊലീസ് പരാതികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ജനിച്ചപ്പോൾ മുതൽ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും കൂടാതെ മഞ്ഞപ്പിത്തം ബാധിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. കുഞ്ഞിന് ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ അറിയിച്ചു.

നവജാത ശിശുക്കളോടൊപ്പം ഉറങ്ങുമ്പോൾ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ശിശുക്കൾ ആകസ്മികമായി ശ്വാസംമുട്ടലിനുള്ള സാധ്യത കൂടുതലാണ്.

ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ സാധാരണയായി ഉറക്കത്തിൽ സംഭവിക്കുന്ന സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം സംബന്ധിച്ച മെഡിക്കൽ വിദഗ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. മിക്ക സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം കേസുകളും ഒരു മാസം മുതൽ നാല് മാസം വരെ പ്രായമുള്ളപ്പോഴാണ് സംഭവിക്കുന്നത്.

സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം മൂലം മരിക്കുന്ന കുഞ്ഞുങ്ങളുടെ മരണകാരണം പോസ്റ്റ്‌മോർട്ടത്തിലും വിശദീകരിക്കപ്പെടുന്നില്ല. ഇത്തരം കേസുകളിൽ ആന്തരികമോ ബാഹ്യമോ ആയ പരിക്കുകൾ പ്രകടമാകാറില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

അതേസമയം മുതിർന്നവർക്കിടയിൽ നവജാത ശിശുക്കളെ രാത്രി ഉറക്കാൻ കിടത്തുന്നത് ശ്വാസം മുട്ടുന്നതിനുള്ള സാധ്യതയുണ്ടെന്നും വേർതിരിച്ച് കിടത്തണമെന്നും ശിശുരോഗ വിദഗ്ദ്ധർ പറയുന്നു.

Tags:    
News Summary - Newborn baby dies after accidentally suffocating between parents while sleeping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.