മലയോര മേഖലയിൽ ഭൂമിക്ക് പട്ടയം നൽകുന്നതിന് മാർഗ നിർദേശം തയാറാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : മലയോര മേഖലയിലുള്ളവരുടെയും പട്ടിക ഗോത്രങ്ങളിൽപ്പെട്ടവരുടെയും കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതിന് മാർഗനിർദേശം തയാറാക്കുമെന്ന് മന്ത്രി കെ.രാജൻ. നിലവിൽ പട്ടയം നൽകുന്നതിന് നിയമപരമായ തടസങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മലയോര ആദിവാസി മേഖലകളിൽ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് അവരുടെ താമസസ്ഥലത്തിന് പട്ടയം അനുവദിക്കുന്നതിന് വേണ്ടി പ്രത്യേക മാർഗരേഖകൾ തയാറാക്കി പട്ടയം മിഷനിൽ ഉൾപ്പെടുത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഊർജിത നടപടി തുടങ്ങി.

1960 ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ 1993 കേരള ഭൂമി പതിവ് (1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ നടത്തിയിട്ടുള്ള കുടിയേറ്റങ്ങൾ ക്രമപ്പെടുത്തൽ) പ്രത്യേക ചട്ടങ്ങൾ, 2001 ലെ കേരള ഗവ.ഭൂമി പട്ടിക വർഗങ്ങൾക്ക് പതിച്ചു നൽകൽ ചട്ടങ്ങൾ എന്നിവ പ്രകാരവും 1971 ലെ കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ച് നൽകലും നിയമവും ചട്ടങ്ങളും പ്രകാരമാണ് മലയോര പട്ടികവർഗ മേഖലയിലെ പട്ടയങ്ങൾ അധികവും നൽകേണ്ടത്.

അതോടൊപ്പം കേന്ദ്ര നിയമമായ വനാവകാശ നിയമപ്രകാരം പട്ടികവർഗക്കാർക്ക് വനാവകാശ രേഖയും നൽകണം. മലയോര പട്ടയങ്ങൾ വിതരണ യോഗ്യമാക്കുന്നതു സംബന്ധിച്ച പ്രവർത്തനം വിവിധ ഘട്ടങ്ങളായി നടന്നു വരുന്നു. ആദിവാസി മലയോര പട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുവായും മേഖലാ തലത്തിലും യോഗങ്ങൾ ചേർന്നിട്ടുണ്ട്.

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന കേരളത്തിലെ റവന്യൂ വകുപ്പ് ഏറ്റവും പ്രധാന്യത്തോടെ നടപ്പാക്കുന്ന കർമ പദ്ധതിയാണ് പട്ടയ മിഷൻ. മലയോരമേഖല, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, വിവിധകോളനികളിൽ താമസിക്കുന്നവർ എന്നിവർക്ക് അടിയന്തര പ്രധാന്യത്തോടെ പട്ടയം നൽകാനായി പട്ടയമിഷൻ രൂപികരിച്ചത്.

സംസ്ഥാന തലത്തിൽ ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ അസിസ്റ്റൻറ് കമീഷണർ (എൽ.എ) നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിച്ചു. എല്ലാം ജില്ലകളിലും ഡെപ്യൂട്ടി കലക്ടറുടെ (എൽ.ആർ) നേതൃത്വത്തിൽ ജില്ലാതല പട്ടമിഷനും രൂപീകരിച്ചു. അർഹരായ മുഴിവൻ ഭൂരഹിതർക്കും സമയബന്ധിതമായി പട്ടയ വിതരണത്തിനുള്ള തുടർ നടപടികൾ താലൂക്ക് തലത്തിൽ കൈക്കൊള്ളുവാനുള്ള മാർഗ നിർദേശങ്ങൾ നിൽകി. ഇതിന്റെ പുരോഗതി ലാൻഡ് റവന്യൂ കമീഷണർ വിലയിരുത്തുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.  

Tags:    
News Summary - The minister said that he will prepare guidelines for granting land titles in the hilly areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.