സിറ്റിസണ്‍ പോര്‍ട്ടലും ഐ.എല്‍.ജി.എം.എസും ജനോപകാരപ്രദമെന്ന് തദ്ദേശ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ വിവിധ സേവനങ്ങള്‍ക്കായി ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് സിറ്റിസണ്‍ പോര്‍ട്ടലും ഐ.എല്‍.ജി.എം.എസ് സംവിധാനവും ഏറെ ഉപകാരപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. സിറ്റിസണ്‍ പോര്‍ട്ടലിന്‍റെയും ഐ.എല്‍.ജി.എം.എസ് സംവിധാനത്തിന്‍റെയും ഒക്‌ടോബര്‍ 31 വരെയുള്ള രണ്ടുമാസത്തെ പ്രവര്‍ത്തന പുരോഗതി പരിശോധിച്ച മന്ത്രി, ചില ഭാഗങ്ങളില്‍ നിന്നും ഉയരുന്ന പരാതികള്‍ കൂടി പരിഹരിച്ച് സമയബന്ധിതമായി എല്ലാ സേവനങ്ങളും ലഭ്യമാകുന്ന നിലയില്‍ മുന്നോട്ടു പോകാനുള്ള പ്രാപ്തി കൈവരിക്കണമെന്ന് നിര്‍ദേശിച്ചു.

സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടലിലേക്ക് ഒക്‌ടോബര്‍ 31 വരെ രണ്ട് മാസത്തിനുള്ളില്‍ വന്ന അപേക്ഷകള്‍ 309 എണ്ണമാണ്. അതില്‍ 180 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനായി. സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയും ഐ.എല്‍.ജി.എം.എസ് വഴിയും ആകെ ഓണ്‍ലൈനായി വന്ന അപേക്ഷകള്‍ 99627 ആണ്. ഇവയില്‍ 71816 എണ്ണത്തിന് തീര്‍പ്പ് കല്‍പ്പിച്ചു. 27811 എണ്ണങ്ങളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. പഞ്ചായത്ത് ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ് സംവിധാനനം വഴി ഐ.എല്‍.ജി.എം.എസിലേക്ക് എത്തിയ അപേക്ഷകള്‍ 9,81,759 ആണ്. ഇതില്‍ 5,01,482 എണ്ണത്തില്‍ നടപടികള്‍ കൈക്കൊണ്ടു. 4,80,277 എണ്ണത്തില്‍ നടപടി പ്രക്രിയ ഉടന്‍ പൂര്‍ത്തിയാകും.

ഗ്രാമപഞ്ചായത്തുകളില്‍ ഫ്രണ്ട് ഓഫീസ് വഴിയും സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയും ഐ.എല്‍.ജി.എം.എസിലൂടെ ലഭിച്ച ആകെ അപേക്ഷകള്‍ 10,81,386 ആണ്. ഇതില്‍ 5,73,298 എണ്ണത്തിലാണ് തീര്‍പ്പായത്. 53.0 ശതമാനമാണിത്. അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ക്കകത്ത് നിന്ന് ഐ.എല്‍.ജി.എം.എസിലേക്ക് 96,373 ഫയലുകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇവയില്‍ 63,639 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്. ഐ.എല്‍.ജി.എം.എസിന്‍റെ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി ഉണ്ടായതും സ്വീകരിച്ചതുമായ ആകെ ഫയലുകള്‍ 11,77.759 ആണ്. ഇവയില്‍ 6,36,937 എണ്ണത്തില്‍ നടപടികളെടുത്തു. ബാക്കിയുള്ള 5,40,822 എണ്ണത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി.

ഐ.എല്‍.ജി.എം.എസ് 2020 സെപ്തംബറില്‍ 153 പഞ്ചായത്തുകളിലും 2021 സപ്തംബറില്‍ 156 പഞ്ചായത്തുകളിലും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളില്‍ സപ്തംബര്‍ 1 മുതല്‍ നിലവില്‍ വന്ന സംവിധാനമാണ് സിറ്റിസണ്‍ പോര്‍ട്ടല്‍. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വൈകാതെ തന്നെ ഐ.എല്‍.ജി.എം.എസ് സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഐ.എല്‍.ജി.എം.എസിന്‍റെ പ്രവര്‍ത്തനത്തില്‍ പീക്ക് സമയങ്ങളില്‍ വേഗത കുറവുണ്ടാകുന്നത് സെന്‍റര്‍ സര്‍വ്വറിന്‍റെ പോരായ്മ നിമിത്തമാണ്. അത് പരിഹരിക്കാനുള്ള നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് മന്ത്രി പറഞ്ഞു. ഫയലുകളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ അദാലത്തുകള്‍ നടത്തണമെന്നും മന്ത്രി എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - The Minister MV Govindan said that the Citizen Portal and ILGMS are beneficial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.