തിരുവനന്തപുരം: സംസ്ഥാനത്ത് മില്ലുടമകൾ രണ്ടാഴ്ചയായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. മില്ലുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഒരുമാസത്തിനകം അനുഭാവപൂർവമായ തീരുമാനം ഉണ്ടാക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് റൈസ് മില്ലേഴ്സ് അസോസിയേഷൻ സപ്ലൈകോയുമായി കരാറിലേർപ്പെടാനും നെല്ലുസംഭരണത്തിൽ സഹകരിക്കാനും തീരുമാനിച്ചത്. വെള്ളിയാഴ്ച മുതൽ നെല്ലുസംഭരണം മില്ലുടമകൾ പുനരാരംഭിക്കും.
നെല്ലെടുക്കാൻ മില്ലുടമകൾ വരുമെന്ന പ്രതീക്ഷയിൽ കുട്ടനാട്ടിലടക്കം നെല്ല് കൊയ്ത് പാടത്ത് കൂട്ടിയ കർഷകർക്ക് ഇതോടെ ആശ്വാസമായി. കർഷകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കൊച്ചിയിൽ മില്ലുടമകളുമായി ചർച്ച നടത്തി പ്രശ്നത്തിന് താൽക്കാലിക പരിഹാരമുണ്ടാക്കിയത്.
നെല്ലിന്റെ ഔട്ട് ടേൺ അനുപാതം കേന്ദ്രസർക്കാർ 68 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ക്വിന്റൽ നെല്ലിന് 68 കിലോ അരി മില്ലുടമകൾ തിരികെ നൽകണം. എന്നാൽ, കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം ഇത് 64.5 ശതമാനമായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നു. ഇതിന് സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന് വിധിച്ച് ഹൈകോടതി 68 ശതമാനം ഔട്ട് ടേൺ അനുപാതം പുനഃസ്ഥാപിച്ചു. 64.5 ശതമാനമായി നിലനിർത്തണമെന്നായിരുന്നു മില്ലുടമകളുടെ മുഖ്യആവശ്യം. 64.5 ശതമാനമായി നിലനിർത്തണമെന്നതാണ് സർക്കാർ നിലപാടെന്നും കോടതി ഉത്തരവ് തിരുത്താനാവശ്യമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
സപ്ലൈകോ കൈകാര്യ ചെലവിനത്തിൽ ക്വിന്റലിന് 214 രൂപ നിരക്കിൽ നൽകുന്ന തുകക്ക് മേൽ അഞ്ചു ശതമാനം ജി.എസ്.ടി ഏർപ്പെടുത്താൻ ജി.എസ്.ടി കൗൺസിൽ കൈക്കൊണ്ട തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ധനമന്ത്രി വഴി ജി.എസ്.ടി കൗൺസിലിൽ ഉന്നയിച്ച് മാറ്റം വരുത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മില്ലുടമകൾക്ക് പ്രോസസിങ് ചാർജിനത്തിൽ ലഭിക്കാനുള്ള തുക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽനിന്ന് അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. കൈകാര്യച്ചെലവ് വർധിപ്പിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ജി.ആർ.അനിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.