അമ്പായത്തോടില്‍ മാവോവാദി സംഘം നാട്ടിലിറങ്ങി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങി

കേളകം: കൊട്ടിയൂർ അമ്പായത്തോട്ടിലും പാൽ ചുരത്തും സായുധരായ മാവോവാദികൾ വീട്ടിലെത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. വെള്ളിയാഴ്ച വൈകീട്ടോടെ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരാണ് എത്തിയത്. മാവോവാദി നേതാവ് മൊയ്തീന്റെ നേതൃത്വത്തിൽ രമേശ്, കവിത, രവീന്ദ്രൻ എന്നിവരാണ് പാൽചുരത്തെ വീട്ടിലെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു.


താഴെ പാൽച്ചുരം കോളനിക്ക് സമീപമുള്ള വീട്ടിൽ വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് നാലംഗ സംഘം എത്തിയത്. ആദ്യംസംഘം എത്തിയ വീട്ടിൽ കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. വാതിലുകൾ തുറക്കാൻ മാവോവാദി സംഘം ആവശ്യപ്പെട്ടെങ്കിലും കുട്ടികൾ വാതിലുകൾ തുറക്കാത്തതിനെ തുടർന്നാണ് സമീപത്തെ വയലിത്തറ ബാലചന്ദ്രന്റെ വീട്ടിലെത്തിയത്. വീടിന്റെ പുറത്ത് കട്ടിലിൽ കിടക്കുകയായിരുന്ന ബാലചന്ദ്രന്റെ മകനാണ് സംഘത്തെ ആദ്യം കണ്ടത്.


അരമണിക്കൂറോളം ഈ വീട്ടിൽ ചെലവിട്ടശേഷം അരിയും പഴവും ചോറും തണ്ണിമത്തനുൾപ്പെടെയുള്ള സാധനങ്ങളുമായാണ് മടങ്ങിയത്. നാലു പേരും മലയാളം സംസാരിച്ചുവെന്നും എല്ലാവരുടെ കൈയിലും തോക്കുകൾ ഉണ്ടായിരുന്നുവെന്നും ഒരാളുടെ കൈ പകുതിയെ ഉള്ളൂവെന്നും ബാലചന്ദ്രന്റെ മകൻ ധനേഷ് പറഞ്ഞു. വനമേഖലയിലും വയനാട് ചുരം പാതയിലും മുമ്പ് മാവോവാദികൾ എത്തിയിട്ടുള്ള പ്രദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. തണ്ടർബോൾട്ട് സേന പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.