തഴക്കര: സി.പി.എം ഭരിക്കുന്ന അറുന്നൂറ്റിമംഗലം സഹകരണ ബാങ്കിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാരിയെ വീണ്ടും നിയമിച്ചത് സി.പി.എം ഏരിയ നേതൃത്വത്തിന്റെ അറിവോടെയെന്ന സൂചന പുറത്തുവന്നതോടെ പ്രതിഷേധിച്ച് രാജിവെച്ച ഭരണസമിതി അംഗങ്ങൾ വെട്ടിൽ.
സി.പി.എം നൂറനാട് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യ കൂടിയായ മുൻ ജീവനക്കാരിയെ വീണ്ടും നിയമിക്കുന്നത് സംബന്ധിച്ച് പാർട്ടി മാവേലിക്കര ഏരിയ കമ്മിറ്റി ചർച്ച ചെയ്യുകയും പുനർനിയമനം നൽകാൻ അനുമതി നൽകുകയും ചെയ്തിരുന്നു. രാജിവെച്ചവരോട് പാർട്ടി വിശദീകരണം തേടിയതോടെ പലരും നിലപാട് മാറ്റത്തിലെന്നാണ് സൂചന.
സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ പിരിച്ചുവിടപ്പെട്ട ജീവനക്കാരിക്കെതിരെ പരാമർശങ്ങൾ ഇല്ലാത്തതിനാൽ തിരികയെടുക്കണമെന്നും അല്ലാത്തപക്ഷം അവർ കോടതിയെ സമീപിച്ചാൽ മുൻകാല പ്രാബല്യത്തോടെ നഷ്ടപരിഹാരം ഉൾപ്പെടെ നൽകേണ്ടി വരുമെന്നും നിയമോപദേശം ലഭിച്ചതിനാലാണ് വീണ്ടും നിയമിച്ചതെന്നാണ് സി.പി.എം കേന്ദ്രങ്ങൾ പറയുന്നത്.
ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് 2020ൽ സഹകരണ നിയമം 65ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സഹകരണ സംഘം അസി. രജിസ്ട്രാർ മാവേലിക്കര ഓഫിസിലെ അന്നത്തെ സീനിയർ ഇൻസ്പെക്ടർ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ 81.98 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. 2021 സഹകരണ നിയമം വകുപ്പ് 68 (2) പ്രകാരം അന്വേഷണം പ്രഖ്യാപിച്ചെങ്കിലും റിപ്പോർട്ട് ഔദ്യോഗികമായി നൽകിയിട്ടില്ല.
ക്രമക്കേട് സംബന്ധിച്ച വിജിലൻസ് അന്വേഷണം ഇഴയുകയാണെന്ന ആരോപണവും ശക്തമാണ്. അതിനിടെ നിയമനത്തിൽ പ്രതിഷേധിച്ച് ബാങ്കിന്റെ ഡയറക്ടർ ബോർഡിൽനിന്ന് രാജിവെച്ച തഴക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വത്സല സോമൻ, ശശിധരൻ, സിയാദ് ഹുസൈൻ, സുധി സുരേഷ്, സുനിത എന്നിവരോടാണ് വിശദീകരണം തേടാൻ പാർട്ടി മാങ്കാംകുഴി ലോക്കൽ കമ്മിറ്റി തീരുമാനിച്ചത്.
ബാങ്കിൽ 2019ൽ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്നത്തെ സെക്രട്ടറി, കാഷ്യർ എന്നിവരെ സർവിസിൽനിന്ന് നീക്കംചെയ്തിരുന്നു. ഇതിലെ കാഷ്യറെയാണ് വീണ്ടും നിയമിച്ചത്. ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നിലനിൽക്കേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചേർക്കപ്പെട്ട ആരോപണവിധേയയായ വ്യക്തിയെ വീണ്ടും നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 11 അംഗ ഡയറക്ടർ ബോർഡിലെ അഞ്ചുപേർ രാജിനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.