എൽ.ഡി.എഫ് ചവറ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
ചവറ: കേന്ദ്രത്തിൽ ബി.ജെ.പി നടത്തുന്ന വർഗീയ പ്രീണന നയമാണ് കേരളത്തിൽ യു.ഡി.എഫ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എൽ.ഡി.എഫ് ചവറ നിയോജക മണ്ഡലം സ്ഥാനാർഥി സുജിത്ത് വിജയൻ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പന്മന ഇടപ്പള്ളിക്കോട്ടയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ ജാതിമത ഭേദമില്ലാതെ ജീവിക്കുന്ന മാതൃകാപരമായ സമൂഹമാണ് നിലവിലുള്ളത്. എന്നാൽ ഇത് തകർക്കുവാനുള്ള നിരന്തരമായ നീക്കമാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സാധിക്കാതെ വന്നതോടുകൂടിയാണ് സംസ്ഥാനത്തിനെ പ്രതിയാക്കി കൊണ്ടുള്ള കേരള വിരുദ്ധ സമീപനം കേന്ദ്രസർക്കാർ തുടരുന്നത്.
കേന്ദ്രസർക്കാരിന്റെ കേരള വിരുദ്ധ നയങ്ങൾക്ക് അനുകൂല നിലപാടാണ് യു.ഡി.എഫ് പിന്തുടരുന്നതെന്നും പിണറായി പറഞ്ഞു. കേരളത്തെ തകർക്കുന്ന നിലയിലുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കുമ്പോൾ അതിനെതിരെ യു.ഡി.എഫ് എം.പി.മാർ പാർലമെന്റിൽ ചോദ്യം ചെയ്യാത്തത് ബി.ജെ.പിയുടെ മനസ്സ് കലുഷിതമാക്കരുത് എന്ന സമീപനമുള്ളത് കൊണ്ടാണ്. കേരളത്തിൽ മൂന്നാമതും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരും. യു.ഡി.എഫിന് നാടിനോട് പ്രതിബദ്ധതയില്ല. നിക്ഷിപ്ത താല്പര്യമാണുള്ളത്. ആയതിനാൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ വികസന തുടർച്ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐ. ഷിഹാബ് അധ്യക്ഷത വഹിച്ച പരുപാടിയിൽ ആർ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലേത്ത് ദിനേശൻ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ഡോ. പി.കെ ഗോപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി, ചവറ ഷാ, സിനിൽ, ഫസൽ, സൈനുദ്ദീൻ, ജി. മുരളീധരൻ, അനിൽ പുത്തേഴം, ഷാജി എസ്. പള്ളിപ്പാടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.