കേരള ഹൈകോടതി
കൊച്ചി: ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന് അതിർവരമ്പുകളുണ്ടെന്ന് ഹൈകോടതി. പൊതുജീവിതക്രമത്തെയും ധാർമികതയെയും പൊതുജനാരോഗ്യത്തെയും ബാധിക്കാത്തവിധമാകണം ആ സ്വാതന്ത്ര്യം വിനിയോഗിക്കാനെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ശബരിമല നട തുറക്കുന്ന ദിവസത്തിനുമുമ്പേ എരുമേലിയിൽനിന്നുള്ള കാനനപാത തുറന്നുനൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ താമസിക്കുന്ന വി. ശ്യാംമോഹൻ സമർപ്പിച്ച ഹരജി തള്ളിയ ഉത്തരവിലാണ് നിരീക്ഷണം. ഇത് തന്റെ ആരാധന സ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്ന ഹരജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല. തത്വമസി (അത് നീയാകുന്നു) ആണ് ശബരിമലയുടെ സന്ദേശം. അദ്വൈതത്തിന്റെ സത്തയും ഇതിൽ പ്രതിഫലിക്കുന്നു. മനുഷ്യനും പ്രകൃതിയും ആത്മീയതയും തമ്മിലുള്ള സഹവർത്തിത്വത്തിനാണ് ഇതെല്ലാം ഊന്നൽ നൽകുന്നത്. അതിനാൽ പെരിയാർ കടുവ സങ്കേതത്തിന്‍റെയും കാനനപാതയുടെയും പവിത്രത സംരക്ഷിക്കേണ്ടത് സന്നിധാനത്ത് കുറിച്ചിട്ടിരിക്കുന്ന തത്വമസിയുടെ സന്ദേശത്തോട് ചേർന്നു നിൽക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
നടതുറക്കുന്ന 17നുതന്നെ ദർശനത്തിന് ചീട്ടെടുത്തതിനാൽ 15നുതന്നെ കാനനപാത തുറക്കാൻ നിർദേശിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാൽ, 17ന് മാത്രമേ തുറക്കൂവെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. മൂന്ന് ജില്ലകളിലെ കലക്ടർമാരും ദേവസ്വം, വനം, ദുരന്തനിവാരണ വകുപ്പുകളുമടക്കം എല്ലാ വശങ്ങളും പരിശോധിച്ച് കൂട്ടായെടുക്കേണ്ട തീരുമാനമാണിതെന്ന് കോടതി പറഞ്ഞു. പുല്ലുമേട് ദുരന്തത്തിലടക്കം ഒട്ടേറെപ്പേർ മരിച്ച പശ്ചാത്തലമുണ്ട്.
ദുഷ്കരപാതയിലെ യാത്രയും സുരക്ഷയും വന്യജീവി പ്രശ്നവും പ്രവചനാതീത കാലാവസ്ഥയുമെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. പരമ്പരാഗത പാതയിലൂടെ സന്നിധാനത്ത് എത്തണമെന്ന് ആചാരത്തിലെവിടെയും പറയുന്നില്ല. അതിനാൽ ഹരജിക്കാരന് ഏകപക്ഷീയമായി ഈ ആവശ്യം ഉന്നയിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.
അതേസമയം, കാനനപാതയിലൂടെയുള്ള തീർഥാടനത്തിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിർദേശങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.